തിരുവാര്‍പ്പില്‍ ശ്രീകൃഷ്ണ ക്ഷേത്രം


ഇന്ത്യയില്‍ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം ഏതാണെന്നറിയാമോ?

കോട്ടയം നഗരത്തില്‍ നിന്നും 8-കിലോമീറ്റര്‍ അകലെ തിരുവാര്‍പ്പില്‍ മീനച്ചിലാറിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ് ഇന്ത്യയില്‍ ഏറ്റവും ആദ്യം നടതുറക്കുന്ന ക്ഷേത്രം. 1500-വര്‍ഷങ്ങളോളം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ വാണരുളുന്ന ചതുര്‍ഹസ്ത ശ്രീകൃഷ്ണ വിഗ്രഹം ഒരു ഉരുളിയില്‍ (വാര്‍പ്പില്‍) പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് മൂലമാണ് ക്ഷേത്രത്തിനും, അത് സ്ഥിതി ചെയ്യുന്ന പ്രദേശത്തിനും തിരുവാര്‍പ്പ് എന്ന പേര് വീണത്.

പാണ്ഡവര്‍ക്ക് വനവാസകാലത്ത് ആരാധിക്കുന്നതിനായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ സമ്മാനിച്ചതാണ്‌ ഈ വിഗ്രഹം എന്നാണ് വിശ്വാസം. വനവാസത്തിനൊടുവില്‍ അജ്ഞാതവാസത്തിനായി തിരിക്കുന്നതിനു മുമ്പ് ഇന്നത്തെ ചേര്‍ത്തല പ്രദേശത്ത് അധിവസിച്ചിരുന്ന ആളുകള്‍ ഈ വിഗ്രഹം പാണ്ഡവരോട് ആവശ്യപ്പെടുകയും, വിഗ്രഹം ലഭിക്കുകയും ചെയ്തു. പക്ഷേ, കുറച്ചുകാലത്തിനു ശേഷം പട്ടിണിയും പരിവട്ടവും മൂലം വിഗ്രഹത്തെ യഥാവിധി ആരാധിക്കാന്‍ സാധിക്കാതെ വന്ന ജനങ്ങള്‍ അത് സമുദ്രത്തില്‍ ഉപേക്ഷിച്ചു.

തുടര്‍ന്ന്‍ കാലങ്ങള്‍ക്ക് ശേഷം ഒരു വള്ളത്തില്‍ സമുദ്രയാത്ര ചെയ്യുകയായിരുന്ന വില്വമംഗലത്ത് സ്വാമിയാര്‍ക്ക്‌ (പദ്മപാദ ആചാര്യര്‍ ആണെന്നും പറയപ്പെടുന്നു) ഈ വിഗ്രഹം ലഭിക്കുകയും അദ്ദേഹം വിഗ്രഹവുമായി ഇന്നത്തെ തിരുവാര്‍പ്പ് പ്രദേശത്ത് എത്തുകയും ചെയ്തു. ഭയങ്കരമായ കാറ്റും കോളും കാരണം തന്‍റെ തുടര്‍ന്നുള്ള യാത്ര സാധിക്കാതെ വന്ന സ്വാമിയാര്‍ വിഗ്രഹം അവിടെക്കണ്ട ഒരു ഉരുളിക്കുള്ളില്‍ സൂക്ഷിക്കുകയും ഒരുവിധത്തില്‍ യാത്ര തുടരുകയും ചെയ്തു. പിന്നീട് തിരികെവന്ന് ഉരുളിയില്‍ വച്ചിരുന്ന വിഗ്രഹം വീണ്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അത് ഉരുളിയില്‍ ഉറച്ചുപോയതായാണ് സ്വാമിയാര്‍ കണ്ടത്. കുന്നന്‍ കാരി മേനോന്‍ എന്നൊരാളുടെ ഭൂമിയും ഉരുളിയും ആയിരുന്നു അത്. വിവരമറിഞ്ഞ മേനോന്‍ തന്‍റെ സ്ഥലവും ഉരുളിയും അമ്പല നിര്‍മ്മാണത്തിനായി വിട്ടുനല്‍കുകയും മടപ്പറമ്പ് സ്വാമിയാര്‍ എന്ന ഋഷിവര്യന്‍റെ സഹായത്തോടെ അമ്പലം നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തുകയും ചെയ്തു എന്നാണ് ഐതിഹ്യം.

എല്ലാ ദിവസവും രാവിലെ 2-മണിക്ക് തിരുവാര്‍പ്പില്‍ നടതുറക്കും. 3-മണിയോടെ പ്രത്യേകം തയാറാക്കിയ ഉഷപായാസത്തിന്‍റെ നിവേദ്യവും ഭഗവാന് സമര്‍പ്പിക്കും. തിരുവാര്‍പ്പില്‍ വാഴുന്ന ഭഗവാന് വിശപ്പ് സഹിക്കാന്‍ കഴിയില്ല എന്ന വിശ്വാസം മൂലമാണ് ഇത്രനേരത്തേ നട തുറക്കുന്നതും, നിവേദ്യം അര്‍പ്പിക്കുന്നതും. ഇതുമൂലം തന്നെ ഗ്രഹണ ദിവസം പോലും ക്ഷേത്രം അടച്ചിടാറില്ല.

Please like & share: