പൂക്കളവും മാതേവരും


pookalamമണ്ണുകൊണ്ട്‌ വൃത്താകൃതിയിലുള്ള തട്ടുകളായാണ്‌ പൂക്കളം ഒരുക്കേണ്ടത്‌. ചിട്ടപ്രകാരം പൂവിടാനായി,മുകളിലേക്കായി പത്ത്‌ തട്ടുകള്‍ വേണം. ഓരോ തട്ടിലും ഓരോ ദേവതാ സാന്നിദ്ധ്യമുണ്ടെന്നാണ്‌ വിശ്വാസം

ഒന്നാം തട്ടില്‍ മഹാവിഷ്‌ണു, രണ്ടാമത്തേതില്‍ ഇന്ദ്രന്‍, മൂന്നാമത്തേതില്‍ അഷ്‌ടദിക്‌പാലകര്‍, നാലാമത്തേതില്‍ ഗുരുക്കള്‍, അഞ്ചാമത്തേതില്‍ പഞ്ചഭൂതങ്ങള്‍, ആറാമത്തേതില്‍ സുബ്രഹ്‌മണ്യന്‍, ഏഴാമത്തേതില്‍ ബ്രഹ്‌മാവ്‌, എട്ടാമത്തേതില്‍ ശിവന്‍ ഒമ്പതാമത്തേതില്‍ ദേവി, പത്താമത്തേതില്‍ ഗണപതി എന്നിങ്ങനെ
(ഇതില്‍ ചില വ്യത്യാസങ്ങളും പ്രാദേശികമായി ഉണ്ടാകാം)

തറ ചാണകം മെഴുകി ശുദ്ധമാക്കിയ ശേഷമാണ്‌ ഓണപ്പൂക്കളം തയ്യാറാക്കേണ്ടത്‌.
പൂക്കളത്തിന്‌ ഉപയോഗിക്കുന്ന പൂക്കളുടെ കാര്യത്തിലും ചിട്ടവട്ടങ്ങളുണ്ട്‌. എല്ലാ ദിവസവും തുമ്പപ്പൂ നിര്‍ബന്ധം.
ഒന്നാം ദിവസം അതായത് അത്തത്തിന്, തുമ്പപ്പൂമാത്രമാണ്‌ പൂക്കളത്തിന്‌; തുളസിക്കതിര്‍ നടുക്കും.
രണ്ടാം ദിവസം വെളുത്തപൂവ്‌ മാത്രമേ പാടുള്ളൂ.
മൂന്നാം ദിവസം മുതല്‍ നിറമുള്ള പൂക്കള്‍ കളങ്ങളില്‍ ഉപയോഗിച്ചുതുടങ്ങും.
ചോതി നാളില്‍ ചെമ്പരത്തിപ്പൂവും വിശാഖം നാളില്‍ കാക്കോത്തിപ്പൂവും കളങ്ങള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കുന്നു.

mathevarതിരുവോണനാളില്‍ തുമ്പയാണ്‌ പ്രധാനം.
തിരുവോണത്തിന്‌ മാതേവരെയും തൃക്കാക്കരയപ്പനെയും വയ്ക്കുന്ന പതിവുണ്ട്- മദ്ധ്യ കേരളത്തില്‍.

മാതേവര്‍ മഹാബലിയെന്നു സങ്കല്‍പ്പിച്ച്, തലക്ക് മുകളില്‍ വാമനന്‍ തന്ടെ കാലടി വച്ചനുഗ്രഹിക്കുന്നതിനെ പ്രതിനിധീകരിച്ച് തുമ്പക്കുടം കൊണ്ട് മൂടുന്നു…
(തുമ്പപ്പൂ ശ്രദ്ധിച്ചു നോക്കൂ…കാല്‍പ്പാദം പോലെയില്ല്യെ?)
ഇതിലൂടെ നമ്മള്‍ വാമനാവതാരം നമ്മുടെ മുറ്റത്ത്‌ ഒരുക്കുന്നു

അരിമാവ് കൊണ്ട് അണിഞ്ഞ ശേഷം തിരുവോണത്തിന് തൃക്കാക്കരയപ്പന് അട നിവേദിക്കും.
പൂവട എന്നാണ് അതിന് പറയുക….

പിന്നീട് ഉച്ചക്ക് വിഭവസമൃദ്ധമായ ഓണസ്സദ്യയായി….ഉച്ചക്ക്ശേഷം ഊഞ്ഞാലാട്ടം, തുമ്പിതുള്ളല്‍, പുലിക്കളി…
അങ്ങനെ “ഓണത്തല്ല്” വരെ ആവാം…

ഏവര്‍ക്കും സമ്പൽ സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ പൊന്നോണം ആശംസിക്കുന്നു……..

courtesy :  Adv. Manjula RamMohan

 

 

Please like & share: