അക്ഷയതൃതീയ


പുണ്യം നിറഞ്ഞ വൈശാഖ മാസത്തിന് ആരംഭമായി…
വൈശാഖമാസത്തിലെ വിശേഷദിവസങ്ങളില്‍ ഏറെ പ്രാധാന്യം നിറഞ്ഞ ഒന്നാണ് “അക്ഷയതൃതീയ” ;
വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു “അക്ഷയ തൃതീയ” എന്ന് അറിയപ്പെടുന്നത്. അക്ഷയതൃതീയനാളിൽ ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതൽക്കേ വിശ്വാസമുണ്ട്. അന്ന് ദാനാദിധർമ്മങ്ങൾ നടത്തുന്നത് പുണ്യമായി പലരും കരുതുന്നു….
എന്നാല്‍ ഇതിനെ പറ്റി ശരിയായ ധാരണ ആര്‍ക്കും ഇല്ലാത്തത് അക്ഷയ തൃതീയ എന്നാല്‍ സ്വര്‍ണം വാങ്ങാനുള്ള ദിവസമാക്കി മാറ്റാന്‍ ജ്വല്ലറിക്കാര്‍ക്ക് വഴിയൊരുക്കി എന്നതാണ് സത്യം.

അക്ഷയതൃതീയ – ഐതീഹ്യം & യാതാര്‍ത്ഥ്യം

അക്ഷയ തൃതീയ, യുഗങ്ങളുടെ തുടക്കമായ കൃതയുഗത്തിലെ അഥവാ സത്യയുഗത്തിലെ ആദ്യ ദിവസമാണെന്ന് പറയപ്പെടുന്നു.
akshaya-tritiyaസത്യയുഗത്തില്‍ ചതുര്‍വിധ പുരുഷാ‍ര്‍ഥങ്ങളായ ധര്‍മം, അര്‍ഥം, കാമം, മോക്ഷം തുടങ്ങിയ നിഷ്ഠയൊടെ അനുഷ്ഠിച്ചവരായിരുന്നു ഉണ്ടായിരുന്നത് എന്നാണ് വിശ്വാസം. അതിനാല്‍ തന്നെ അന്ന് ധര്‍മ്മം അതിന്റെ എല്ലാ പ്രഭാവത്തൊടും കൂടി ജ്വലിച്ചു നിന്നിരുന്നതായി പറയപ്പെടുന്നു. ഈ യുഗത്തിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് അക്ഷയ തൃതീയ.
കൂടാതെ ശ്രീകൃഷ്ണ സഹോദരനായ ബലരാമന്റെ ജന്മദിനം കൂടിയാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ ദിനത്തില്‍ പ്രകൃതി പോലും ഒരുങ്ങി നില്‍ക്കുന്നതായി ജ്യോതിഷ പണ്ഡിതര്‍ പറയുന്നു !!!
അക്ഷയ തൃതീയ ദിവസം സൂര്യന്‍ അതിന്റെ പൂര്‍ണ പ്രഭയില്‍ നില്‍ക്കുന്നു. ജ്യോതിഷപ്രകാരം ചന്ദ്രനും അതിന്റെ ഏറ്റവും ഉത്തമമായ സ്‌ഥാനത്താണ്‌ ഈ ദിവസം നില്‍ക്കുന്നത്‌. അതിനാല്‍ തന്നെ ഉത്തമമായ ഈ ദിനം ചെയ്യുന്ന ദാന കര്‍മ്മങ്ങളുടെ ഫലം ദിനത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ, അനന്തവുമായിരിക്കും. പുനര്‍ജന്മങ്ങളിലും മരണാനന്തര ജീവിതത്തിലും ഭാരതീയര്‍ക്ക് വിശേഷ പരമായ വീക്ഷണം പണ്ടുമുതല്‍ തന്നെയുണ്ട്. അതനുസരിച്ച് ചെയ്യുന്ന പുണ്യ പാപങ്ങളുടെ ഫലം അനുഭവിച്ചേ മതിയാകു….
അക്ഷയതൃതീയ നാളില്‍ ചെയ്യുന്ന ഏത് പുണ്യകര്‍മ്മങ്ങളുടെയും ഫലം അനന്തമാണെന്ന് വിശ്വാസികള്‍ പറയുന്നു.
ഈ ദിനം സ്വര്‍ണം വാങ്ങുന്നതിന്റെ സവിശേഷത ഒന്ന്‌ വേറെതന്നെ എന്ന്‌ വിശ്വസിക്കുന്നവര്‍ ധാരാളമാണിപ്പോള്‍!!! അന്ന് എന്തു വാങ്ങിയാലും അത് ഇരട്ടിക്കുമെന്ന വിശ്വാസവും പ്രബലപ്പെട്ടു വരികയാണ്. ഈ വിശ്വാസത്തെയാണ് ജ്വല്ലറിക്കാര്‍ ഇന്ന് ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത്….

അക്ഷയതൃതീയ വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് അക്ഷയ സന്താനങ്ങളും അക്ഷയ പുണ്യവും ലഭിക്കും.
ഏതൊരു മനുഷ്യന്‍ അക്ഷയ തൃതീയയില്‍ ഉപവാസമനുഷ്ഠിച്ച് മഹാവിഷ്ണുവിനെ പൂജിക്കുന്നുവോ അവനു രാജസൂയയാഗം ചെയ്ത ഫലവും അന്ത്യത്തില്‍ വിഷ്ണു പ്രാപ്തിയുമുണ്ടാകും.

അക്ഷതംകൊണ്ട്(ഉണക്കലരിയും നെല്ലും) ഭഗവാന്‍ വിഷ്ണുവിനെ പൂജിക്കുന്ന ദിനമായതിനാലാണ് ഈ തിഥിയെ അക്ഷയ തൃതീയ എന്നു പറയുന്നത്.
(
അക്ഷതം കൊണ്ട് വിഷ്ണു പൂജ ചെയ്യുന്നത് നിഷിദ്ധമാണ് എന്ന് പദ്മപുരാണം(6:16:20)
നാക്ഷതൈരര്‍ച്ചയേത് വിഷ്ണും’. അക്ഷയ തൃതീയ ഒഴികെയുള്ള ദിനങ്ങളിലെല്ലാം വെളുത്ത എള്ളുകൊണ്ട് വിഷ്ണു പൂജ ചെയ്യണമൊണു വിധി).
ഉണക്കലരിയും നെല്ലും ചേര്‍ന്നതാണു കേരളീയാചാര പ്രകാരമുള്ള അക്ഷതം.
എന്നാല്‍ അക്ഷതം എന്ന വാക്കിനു യവം(ബാര്‍ളി) എന്നും അര്‍ത്ഥമുണ്ട്. യവം കൊണ്ട് അക്ഷയതൃതീയാദിനത്തില്‍ വിഷ്ണു പൂജ നടത്തണമെന്നു പുരാണങ്ങളില്‍ പരാമര്‍ശങ്ങള്‍ കാണാം.

അക്ഷയ തൃതീയയില്‍ അക്ഷതയുക്തമായ ജലത്തില്‍ സ്‌നാനം ചെയ്ത് മഹാവിഷ്ണു വിഗ്രഹത്തെ അക്ഷതം കൊണ്ട് ആരാധിച്ച് അക്ഷതത്തോടു കൂടി ശുദ്ധരും സദ്‌വൃത്തരുമായ ബ്രാഹ്മണര്‍ക്ക് (ജ്ഞാനികള്‍ക്ക്) ദാനം നല്‍കുക. . വിധിപ്രകാരം ഒരു തവണയെങ്കിലും അക്ഷയ തൃതീയ വ്രതമനുഷ്ഠിക്കുന്നവര്‍ വര്‍ഷത്തിലെ സകല തൃതീയാ വ്രതങ്ങളും അനുഷ്ഠിച്ച ഫലം നേടുന്നു. എന്ന് വിശാസം….

ഇനി അക്ഷയതൃതീയ വ്രത വിധി കേള്‍ക്കുക – സകല രസങ്ങളോടും കൂടിയ അന്നം, ജലകുംഭം, നാനാവിധ ഫലങ്ങള്‍, ഗോക്കള്‍, ഭൂമി, സ്വര്‍ണ്ണം, വസ്ത്രം എന്നിങ്ങനെ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും; ഏറ്റവും ഉത്തമമെന്നും തോന്നുന്ന വസ്തുക്കള്‍ അര്‍ഹരായവര്‍ക്ക് ദാനം ചെയ്യണം.
ഈ തിഥിയില്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ക്ഷയം സംഭവിക്കുകയില്ല. അതിനാല്‍ മുനിമാര്‍ ഈ തിഥിയെ അക്ഷയ തൃതീയഎന്ന് പ്രകീര്‍ത്തിക്കുന്നു.

ധര്‍മ്മപുത്രര്‍ക്ക് സൂര്യന്‍ അക്ഷയപാത്രം സമ്മാനിച്ചതും, ഒരു അക്ഷയ തൃതീയയിലാണ് എന്ന് വിശ്വസിക്കപ്പെടുന്നു.

അക്ഷയപാത്രം എന്താണെന്നും അതിനെപ്പറ്റി കൂടുതല്‍ അറിയാനും ആഗ്രഹമുള്ളവര്‍ക്കായി ഇതിനെക്കുറിച്ച് കേട്ടറിവുള്ളത് പങ്കു വയ്ക്കാം

മഹാഭാരതം ആരണ്യപർവത്തിലെ ഒരു കഥയനുസരിച്ച്, സൂര്യൻ പാണ്ഡവർക്ക് അവരുടെ വനവാസകാലത്തു സമ്മാനിച്ച പാത്രമാണു അക്ഷയപാത്രം.
പാഞ്ചാലിയുടെ ഭക്ഷണം കഴിയുന്നതുവരെ ദിവസവും അവർ ആഗ്രഹിക്കുന്ന ഭക്ഷണസാധനങ്ങൾ അതിൽനിന്നും ലഭിച്ചിരുന്നു.

*ഐതിഹ്യം

കൗരവരോടു ചൂതിൽ തോറ്റ് വനവാസത്തിനു പുറപ്പെട്ട പാണ്ഡവരെ നിരവധി ബ്രാഹ്മണർ അനുഗമിച്ചു. അവർക്കു ഭക്ഷണം നല്കാൻ വഴികാണാതെ വിഷമിച്ച ധർമപുത്രർ‍ ‍ധൗമ്യമഹർഷിയുടെ ഉപദേശപ്രകാരം സൂര്യനെ തപസ്സു ചെയ്തു പ്രത്യക്ഷപ്പെടുത്തി. സൂര്യൻ

അഭീഷ്ടമെന്താണ് നിനക്കതൊക്കെക്കൈവരും പരം
ഞാനന്നം നല്‍കീടുമേഴുമഞ്ചു വർഷത്തിലേക്കുതേ
ഇച്ചെമ്പുപാത്രം കൈക്കൊൾക ഞാൻ തന്നതു നരാധിപ,
പാഞ്ചാലിയിതിലെ ചോറുണ്ണുംവരേയ്ക്കും ദൃഢവ്വത,
ഫലമൂലം ശാകമാംസം മടപ്പള്ളിയിൽവച്ചവ
ചതുർവിധാന്നങ്ങളുമങ്ങൊടുങ്ങാതേന്തി വന്നിടും
പതിന്നാലാമാണ്ടു പിന്നെ രാജ്യം നേടീടുമേ ഭവാൻ‘ (ഭാഷാഭാരതം)”
എന്ന് ആശീർവദിച്ച് ധർമപുത്രർക്ക് പാത്രം ദാനം ചെയ്തു.

ഈ ദിവ്യപാത്രലബ്ധിയിൽ പാണ്ഡവരോട് അസൂയാലുവായിത്തീർന്ന ദുര്യോധനൻ അവരെ ആപത്തിൽ ചാടിക്കാൻ വേണ്ടി, ‘പാഞ്ചാലി ഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ ചെന്ന് ഭിക്ഷ ചോദിക്കണംഎന്ന നിർദേശത്തോടെ 
ദുർവാസാവിനെ അവരുടെ അടുക്കലേക്കു പറഞ്ഞയച്ചു.

മഹർഷിയെയും ശിഷ്യൻമാരെയും സത്ക്കരിക്കാൻ നിർവാഹമില്ലാതായ പാഞ്ചാലി, രക്ഷയ്ക്കായി ശ്രീകൃഷ്ണനെ ധ്യാനിച്ചു. ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെട്ടതു തനിക്ക് വിശപ്പിന് എന്തെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്.
പാഞ്ചാലി കൂടുതൽ വിഷമിച്ചു.
ശ്രീകൃഷ്ണൻ അക്ഷയപാത്രം പരിശോധിച്ചതിൽ ഒരു ചീരയില കണ്ടുകിട്ടി. അതെടുത്ത് അദ്ദേഹം ഭക്ഷിച്ചു വിശപ്പടക്കി. അതോടെ, സ്നാനകർമത്തിനായി പോയിരുന്ന ദുർവാസാവിനു വയർനിറഞ്ഞു; സംപൂർണ തൃപ്തി ലഭിച്ചു.

ജ്ഞാനചക്ഷുസ്സുകൊണ്ടു യാതാർത്ഥ്യം ഗ്രഹിച്ച മഹർഷി പാണ്ഡവരെ അനുഗ്രഹിക്കയും കൗരവരെ ശപിക്കയും ചെയ്തു എന്നാണ് കഥ….