ഐതിഹ്യമാല/പ്രസ്താവന


Kottarathil Shankunniമലയാളഭാഷയുടെ പരിഷ്കാരാഭിവൃദ്ധികൾക്കായി സർവ്വാത്മനാ പരിശ്രമിച്ചുകൊണ്ടിരുന്ന മഹാനും ‘മലയാളമനോരമ’ പത്രം, ‘ഭാഷാപോഷിണി’ മാസിക എന്നിവയുടെ നിർമ്മാതാവുമായ പരേതനായ കെ. ഐ. വർഗീസുമാപ്പിള അവർകൾ കോട്ടയത്തു വന്നു സ്ഥിരതാമസം തുടങ്ങിയ കാലം മുതൽ ആജീവനാന്തം അദ്ദേഹം ഭാഷാവിഷയമായി ചെയ്തിട്ടുള്ള പരിശ്രമങ്ങളെല്ലാം എന്നെക്കൂടി ഒരു ഭാഗഭാക്കാക്കിവെച്ചുകൊണ്ടാണ് ഇരുന്നിരുന്നതെന്നുള്ള വാസ്തവം അദ്ദേഹത്തെയും എന്നെയും‌പറ്റി അറിവുള്ളവർക്കൊക്കെ അറിയാവുന്നതാണ്. ഞങ്ങൾ രണ്ടുപേരുംകൂടി മനോരമ ആപ്പീസിലിരുന്നു പത്രസംബന്ധമായും മറ്റും ഓരോന്ന് എഴുതുക, വായിക്കുക, തിരുത്തുക മുതലായി അന്നന്നു തീർക്കേണ്ടുന്ന ജോലികൾ ചെയ്തു തീർത്താൽ പകലേ നാലുമണിക്കുശേഷം കുറച്ചു സമയം സ്വൈരസല്ലാപം ചെയ്തു വിശ്രമിക്കുന്നതിനുകൂടി അദ്ദേഹം നിശ്ചയിച്ചിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെയും എന്റെയും സ്നേഹിതന്മാരും സരസന്മാരുമായി ചില മാന്യന്മാർകൂടി വന്നുചേരുകയും പതിവായിരുന്നു. അങ്ങനെ ഞങ്ങൾ എല്ലാവരുംകൂടി ചില നേരമ്പോക്കുകളും ഫലിതങ്ങളും പറഞ്ഞു രസിച്ചുകൊണ്ടിരുന്ന മദ്ധ്യേ പ്രസംഗവശാൽ ഒന്നുരണ്ടു ദിവസം ഞാൻ ചില ഐതിഹ്യങ്ങൾ പറയുകയും അവ വരുഗീസുമാപ്പിള അവർകൾക്കു വളരെ രസിക്കുകയും അതിനാൽ പിന്നെയും ചിലപ്പോൾ വല്ല ഐതിഹ്യങ്ങളും പറയുന്നതിന് അദ്ദേഹം ആവശ്യപ്പെടുകയും ഞാൻ പറയുകയും ചെയ്തു. ക്രമേണ മിക്കവാറും അതൊരു പതിവായിത്തീരുന്നു. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ ഒരു ദിവസം മിസ്റ്റർ വറുഗീസുമാപ്പിള, “ഈ ഐതിഹ്യങ്ങളെല്ലാം ഇങ്ങനെ വെറുതെ പറഞ്ഞുകളഞ്ഞാൽ പോരാ, ഇവയിൽ അനേകം നേരമ്പോക്കുകളും അതിശയോക്തികളും അസംബന്ധങ്ങളും ഉണ്ടെങ്കിലും നാം അറിഞ്ഞിരിക്കേണ്ടുന്നവയായ പല തത്ത്വങ്ങളും സാരാംശങ്ങളുംകൂടിയുണ്ട്. അതിനാൽ ഇവയെല്ലാം ഒന്നെഴുതണം. നമുക്കു മനോരമയിലും ഭാഷാപോഷിണിയിലുമായി പ്രസിദ്ധപ്പെടുത്താം. ഏതു തരം വായനക്കാർക്കും ഈവക ഐതിഹ്യങ്ങൾ രുചിക്കാതെവരുമെന്നു തോന്നുന്നില്ല. സാരാംശങ്ങൾ ഗ്രഹിക്കാൻ ശക്തിയുള്ളവർ അവയെ ഗ്രഹിക്കും. അതില്ലാത്തവർ നേരമ്പോക്കിനായിട്ടെങ്കിലും ഈവക ഉപന്യാസങ്ങൾ വായിക്കാതെ ഇരിക്കുകയില്ല” എന്നു പറയുകയും മറ്റു ചില മാന്യന്മാർ അതിനെ അനുസരിച്ചു പറയുകയും ചെയ്തു. അതിന്റെശേഷം യഥാവസരം ഞാൻ ചില ഐതിഹ്യോപന്യാസങ്ങൾ എഴുതാനും മിസ്റ്റർ വർഗീസുമാപ്പിള അവയെ യഥായോഗ്യം ‘മനോരമ’യിലും ‘ഭാഷാപോഷിണി’ മാസികയിലുമായി പ്രസിദ്ധപ്പെടുത്താനും തുടങ്ങി. ആ ശേഖരത്തിൽ ഞാൻ എഴുതിയ ‘പറയിപെറ്റ പന്തിരുകുലം’ എന്ന ഉപന്യാസം 1073-ൽ കുംഭം, മീനം, മേടം എന്നീ മാസങ്ങളിലെ ‘ഭാഷാപോഷിണി’ മാസികയിൽ ചേർത്തു പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിനെപ്പറ്റി ആയിടയ്ക്ക് ഒരു ‘യോഗ്യൻ’ ഒരു വർത്തമാനപത്രത്തിൽ, “ഭാഷാപോഷിണീസഭവകമാസിക മിസ്റ്റർ വറുഗീസുമാപ്പിളയുടെയും കൊട്ടാരത്തിൽ ശങ്കുണ്ണി അവർകളുടെയും തറവാട്ടുവക അല്ലാത്തതിനാൽ കേവലം നിസ്സാരങ്ങളും യാതൊരുപയോഗവുമില്ലാത്തവയുമായ ‘പറയിപെറ്റ പന്തിരുകുലം’ എന്നും മറ്റുമുള്ള ഉപന്യാസങ്ങൾ അതിൽ ചേർക്കുന്നതു ന്യായമല്ല. മിസ്റ്റർ ശങ്കുണ്ണിയുടെ ഈവക ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയതിലേക്കു ചെലവായിട്ടുള്ള കടലാസ്സുകളുടെ വിലയും അച്ചടിക്കൂലിയും ശങ്കുണ്ണി അവർകളിൽനിന്ന് ഈടാക്കി, ‘കേരളപാണിനീയ’ത്തെപ്പറ്റിയും മറ്റും പ്രൌഢങ്ങളായ ലേഖനങ്ങളെഴുതുന്ന ശേഷഗിരിപ്രഭു അവർകൾക്കു കൊടുക്കേണ്ടതാൺ” എന്നു പ്രസ്താവിച്ചിരിക്കുന്നതായി കണ്ടു. എങ്കിലും അതിനുമുമ്പായിത്തന്നെ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ സി. എസ്സ്. ഐ തിരുമനസ്സുകൊണ്ടു മുതലായ പല മഹാന്മാരും പ്രൌഢലേഖനകർത്താവായ ശേഷഗിരിപ്രഭു എം. ഏ. അവർകൾതന്നെയും മിസ്റ്റർ വറുഗീസുമാപ്പിളയുടെ പേർക്ക് “കൊട്ടാരത്തിൽ ശങ്കുണ്ണി അവർകൾ എഴുതുന്ന ‘പറയിപെറ്റു പന്തിരുകുലം’ മുതലായ ലേഖനങ്ങൾ സരസങ്ങളും സാരസംയുക്തങ്ങളുമായിരിക്കുന്നു. ഈ വക ഐതിഹ്യങ്ങൾ ഒരു കാലത്തു വളരെ വിലയുള്ളവയായിരുന്നതും ഇവയിൽ നിന്ന് നമുക്ക് അനേകം തത്ത്വങ്ങൾ ഗ്രഹിക്കാവുന്നതുമാണ്. അതിനാൽ മിസ്റ്റർ ശങ്കുണ്ണിയെ ഉത്സാഹിപ്പിച്ച് ഈ വക ലേഖനങ്ങൾ കഴിയുന്നതും വിസ്തരിച്ച് എഴുതിക്കാൻ നിങ്ങൾ ശ്രമിച്ചാൽ കൊള്ളാം” എന്നും മറ്റും എഴുതിയയ്ച്ചിരുന്ന അനേകം എഴുത്തുകൾ ഞാൻ കണ്ടിട്ടുള്ളതിനാൽ മേല്പറഞ്ഞ ‘യോഗ്യ’ന്റെ അഭിപ്രായപ്രകടനം എനിക്ക് ഇച്ഛാഭംഗത്തിനോ നിരുത്സാഹതയ്ക്കോ കാരണമായിട്ടില്ല. അതിനാൽ വീണ്ടും ഞാൻ ഓരോന്ന് എഴുതിക്കൊണ്ടും മിസ്റ്റർ വറുഗീസുമാപ്പിള അവയെ പ്രസിദ്ധപ്പെടുത്തിക്കൊണ്ടുമിരുന്നു.

mamman mappilaമനോരമയിലേക്ക് എന്നുദ്ദേശിച്ച് എഴുതുന്ന ലേഖനങ്ങൾ പത്രത്തിനെ സ്ഥലദൌർലഭ്യം വിചാരിച്ച് ഞാൻ അധികം വിസ്തരിക്കാതെ ചുരുക്കി എഴുതുന്നതു കണ്ടിട്ട് ഒരിക്കൽ മിസ്റ്റർ വറുഗീസുമാപ്പിള, “ഈ വക ഐതിഹ്യങ്ങൾ ചുരുക്കി എഴുതിയാൽ നന്നായിരിക്കുകയില്ല. കഴിയുന്നതും വിസ്തരിച്ചുതന്നെ എഴുതിക്കൊളൂ. പത്രത്തിൽ സ്ഥലം മതിയാകാതെ വന്നാൽ രണ്ടോ മൂന്നോ ലക്കങ്ങളിലായി തുടരെ ചേർത്തു പ്രസിദ്ധപ്പെടുത്താമല്ലോ. ഇവയെല്ലാംകൂടി ചേർത്ത് ഒടുക്കം ഒരു പുസ്തകമാക്കി പ്രസിദ്ധപ്പെടുത്തണമെന്നുകൂടി ഞാൻ വിചാരിച്ചിട്ടുണ്ട്. അതിനാൽ ഒട്ടും ചുരുക്കണമെന്നില്ല” എന്നു പറഞ്ഞു. അപ്പോൾ ഞാൻ “ഇതു പുസ്തകമാക്കണമെങ്കിൽ എല്ലാം മാറ്റിയെഴുതണമല്ലോ. ഇപ്പോൾ ഞാൻ ഇവയെല്ലാം ലേഖനരീതിയിലാണല്ലോ എഴുതിയിരിക്കുന്നത്” എന്നു പറഞ്ഞു. അതിന് വറുഗീസ് മാപ്പിള അവർകൾ, “മാറിയെഴുതുകയൊന്നും വേണ്ട. പുസ്തകമാകുമ്പോൾ കുറച്ചുകൂടി പ്രൌഢതയും അർത്ഥഗാംഭീര്യവും ചമത്കാരവുമൊക്കെ ഉണ്ടായിരുന്നാൽ കൊള്ളാം. എങ്കിലും ഈ രീതിയിൽത്തന്നെ ഇരുന്നാലും പോരെന്നില്ല. പിന്നെ പുസ്തകമാ‍യി അച്ചടിക്കുന്ന കാലത്തു വല്ലതും തിരുത്തണമെന്നു തോന്നിയാൽ നമുക്ക്‌ അങ്ങിനെയും ചെയ്യാമല്ലോ. അതൊക്കെ അപ്പോൾ നിശ്ചയിക്കാം. ഇപ്പോൾ ഈ രീതിയിൽതന്നെ കഴിയുന്നതും വിസ്തരിച്ചെഴുതിക്കോളൂ; അതു മതി” എന്നാണ് മറുപടി പറഞ്ഞത്. അതിനാൽ ഞാൻ അതില്പിന്നെ എഴുതിയ ഉപന്യാസങ്ങൾ എല്ലാം ചുരുക്കാതെയും മുൻ‌രീതിയിൽത്തന്നെയുമാണ്. എങ്കിലും വറുഗീസുമാപ്പിള അവർകളുടെ അകാല നിര്യാണം നിമിത്തം എന്റെ ഉപന്യാസങ്ങൾക്കു പുസ്തകരൂപേണ പുറത്തുവരാനുള്ള ഭാഗ്യം ഏതത്കാലപര്യന്തം സിദ്ധിച്ചിട്ടില്ല. മിസ്റ്റർ വറുഗീസുമാപ്പിളയുടെ വിയോഗത്തോടുകൂടി ഈവക ഉപന്യാസങ്ങളെഴുതുവാൻ എനിക്ക് തീരെ ഉത്സാഹമില്ലാതെയായി. എങ്കിലും ചില ഉപന്യാസങ്ങൾ അതിൽ പിന്നീടും ഞാൻ എഴുതീട്ടുണ്ട്. വറുഗീസുമാപ്പിള അവർകൾ കുറച്ചുകാലംകൂടി സ്വസ്ഥശരീരനായി ജീവിച്ചിരുന്നെങ്കിൽ ഞാൻ ഈവക ഉപന്യാസങ്ങൾ ഇതിലധികമായി എഴുതുന്നതിനും അവയെല്ലാം ഇതിനുമുമ്പു പുസ്തകാകൃതിയിൽ പുറത്തുവരുന്നതിനും ഇടയാകുമായിരുന്നു എന്നുള്ളതിനു സംശയമില്ല. വറുഗീസുമാപ്പിള അവര്കൾ കഴിഞ്ഞതിന്റെ ശേഷം ഈ ഉപന്യാസങ്ങൾ പുസ്തകരൂപേണ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തണമെന്നോ ആരെങ്കിലും പ്രസിദ്ധപ്പെടുത്തുമെന്നോ ഉള്ള വിചാരം ഒരിക്കലും ലേശം‌പോലും എനിക്കുണ്ടായിരുന്നില്ല.

അങ്ങനെയിരിക്കുമ്പോൾ ഇക്കഴിഞ്ഞ മകരമാസത്തിൽ ‘ലക്ഷ്മീഭായി’ എന്ന മാസികയുടെ മാനേജരായ വെള്ളായ്ക്കൽ നാരായണമേനോനവർകൾ എന്റെ ഈവക ഉപന്യാസങ്ങൾ അദ്ദേഹം പ്രസിദ്ധപ്പെടുത്തിവരുന്ന ‘ലക്ഷ്മീഭായിഗ്രന്ഥാവലി’യിൽ ചേർത്തു പുസ്തകരൂപേണ പ്രസിദ്ധപ്പെടുത്തുന്നതിന് എനിക്ക് സമ്മതമുണ്ടോ എന്ന് എന്നോട് എഴുതിച്ചോദിക്കുകയും അതിന് ഞാൻ സന്തോഷസമേതം സമ്മതിച്ചു മറുപടി അയച്ചു കൊടുക്കുകയും ചെയ്തു. ഞാൻ മനോരമയിലും ഭാഷാപോഷിണിയിലും മറ്റും എഴുതീട്ടുള്ള ഐതിഹ്യോപന്യാസങ്ങളെല്ലാം ശേഖരിക്കുന്നതിന് അദ്ദേഹത്തിന് സൌകര്യമില്ലാത്തതിനാൽ അതുകൂടി ഞാൻ ചെയ്താൽ കൊള്ളാമെന്ന് അദ്ദേഹം വീണ്ടും എഴുതി അയയ്ക്കുകയാൽ ഈ ഒന്നാംഭാഗം പുസ്തകത്തിലേക്ക് ആവശ്യപ്പെട്ട ഇരുപത്തൊന്ന് ഉപന്യാസങ്ങൾ ഞാൻ ഉടനെ ശേഖരിച്ച് അയച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ എന്റെ ഇതര കൃതികളുടെ ബാഹുല്യം നിമിത്തം അവയെ ആകപ്പാടെ മാറ്റിയെഴുതി ശരിപ്പെടുത്തുന്നതിന് എനിക്ക് സാധിച്ചില്ല. സ്വല്പമായി ചില ഭേദഗതികൾ വരുത്തി ക്രമപ്പെടുത്തുന്നതിനു മാത്രമേ തരപ്പെട്ടുള്ളൂ. അതിനാൽ വാചക രീതിയിലും മറ്റും ഇതിൽ കാണുന്ന ന്യൂനതകൾ സജ്ജനങ്ങളായ വായനക്കാർ ക്ഷമിച്ചുകൊള്ളുമെന്നു വിശ്വസിക്കുന്നു.

ഇത്രയും പറഞ്ഞുകൊണ്ട് ‘ഐതിഹ്യമാല’ എന്ന ഈ പുസ്തകത്തിൽക്കാണുന്ന ഉപന്യാസങ്ങൾ ഞാൻ പലപ്പോഴായി എഴുതുകയും മലയാളമനോരമ, ഭാഷാപോഷിണി മാസിക മുതലായവയിൽ ചേർത്തു പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുള്ളവയാണെന്നും ഇവയെ ഇപ്പോൾ ഇപ്രകാരം അച്ചടിപ്പിച്ചു പുറത്തിറക്കീട്ടുള്ളത് ഭാഷാപോഷണാർത്ഥം പല പ്രകാരത്തിൽ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന എന്റെ പ്രിയമിത്രമായ വെള്ളായ്ക്കൽ നാരായണമേനോനവർകളാണെന്നും സ്പഷ്ടമായിട്ടുണ്ടല്ലോ. എന്നാൽ ഇതിൽ ഇരുപത്തൊന്നാമതായി ചേർത്തിരിക്കുന്ന ‘കിടങ്ങൂർ കണ്ടങ്കോരൻ’ എന്ന ആനയെക്കുറിച്ചുള്ള ഉപന്യാസം ‘വിദ്യാവിനോദിനി’ എന്നു പ്രസിദ്ധിയോടുകൂടി പ്രചരിച്ചിരുന്ന മാസികയിലേക്ക് ഞാൻ ‘ഭക്തപ്രിയൻ’ എന്ന പേരുവച്ച് എഴുതിയയയ്ക്കുകയും 1078 തുലാത്തിലെ വിനോദിനിയിൽ ചേർത്തു പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. ഇപ്രകാരം ഞാൻ എഴുതുകയും മനോരമയിലും ഭാഷാപോഷിണിയിലും മറ്റും ചേർത്തു പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുള്ളവയും ഈ ഒന്നാം ഭാഗത്തിൽ ഉൾപ്പെടാത്തവയുമായി ഇനി ചില ഉപന്യാസങ്ങൾകൂടിയുണ്ട്. ഈ ഒന്നാംഭാഗം വായനക്കാർക്കു രുചിക്കുന്നപക്ഷം അവയെല്ലാംകൂടി ചേർത്ത് രണ്ടാംഭാഗമായി ഒരു പുസ്തകംകൂടി പ്രസിദ്ധപ്പെടുത്താൻ ഈ പ്രസാധകൻ‌തന്നെ വിചാരിച്ചിട്ടുണ്ടെന്നുള്ള വിവരവും വായനക്കാരെ അറിയിച്ചുകൊണ്ടും എന്റെ ഈ ഉപന്യാസങ്ങളെ ഇപ്രകാരം പുസ്തകരൂപേണ പ്രസിദ്ധപ്പെടുത്തുകയും ഇതിൽ എന്റെ ജീവചരിത്രസംക്ഷേപംകൂടി എഴുതിച്ചുചേർക്കുകയും ചെയ്തിട്ടുള്ളതിൽ പ്രസാധകന്റെ പേരിൽ എനിക്കുള്ള കൃതജ്ഞത സീമാതീതമായിരിക്കുന്നു എന്നുള്ള വാസ്തവംകൂടി പ്രസ്താവിച്ചുകൊണ്ടും ഈ പ്രസ്താവനയെ ഇവിടെ സമാപിപ്പിച്ചുകൊള്ളുന്നു.

 

കൊട്ടാരത്തിൽ ശങ്കുണ്ണി

കോട്ടയം

5-9-1084 (17-4-1909)

 

courtesy :  http://ml.wikisource.org/wiki/ഐതിഹ്യമാല