ഗണേശന്ടെ കൊമ്പ്.


lord-ganeshaഒരുദിവസം പരശുരാമന്‍ തന്‍റെ ഗുരുവായ ശ്രീ പരമേശ്വരനെ ദര്‍ശിക്കാന്‍ കൈലാസത്തിലെത്തി .
എന്നാല്‍ അച്ഛന്‍ വിശ്രമിക്കുകയാണെന്ന് പറഞ്ഞു വിനായകനും,മുരുകനും അദ്ദേഹത്തെ തടഞ്ഞു.
അവര്‍ തമ്മില്‍ വാക്കുതര്‍ക്കമായി/ അടിപിടിയായി….
ഗണപതി തന്‍റെ തുമ്പിക്കൈ കൊണ്ടു മഹര്‍ഷിയെ എടുത്തു വട്ടം ചുഴറ്റി. കോപിഷ്ടനായ പരശുരാമന്‍ ശിവനാല്‍ നല്‍കപ്പെട്ട “പരശു” എന്ന ആയുധം ഗണപതിയുടെ നേരെ പ്രയോഗിച്ചു. മഴുവിനാല്‍ ഗണപതിയുടെ ഇടതു കവിളും കൊമ്പിന്‍റെ പകുതിയും മുറിഞ്ഞുപോയി.
ചോരപുരണ്ട കൊമ്പ് നിലത്തു വീണാല്‍ ബ്രഹ്മാണ്ഡം തന്നെ നശിക്കും എന്നറിയാവുന്ന പരശുരാമന്‍, ആ കൊമ്പിന്‍ടെ കഷ്ണം നിലത്തു വിഴുന്നതിനു മുന്‍പ് തന്നെ, തന്‍റെ കൈയിലെടുത്തു പിടിച്ചു.

ഈ ബഹളങ്ങളെല്ലാം കേട്ടു പര്‍വതി- പരമേശ്വരന്മാര്‍ അവിടേക്ക് വന്നു.
ശിവന്‍റെ ശിഷ്യ വാത്സല്യമറിയാവുന്ന ശിവ പാര്‍ഷദന്‍മാര്‍ പ്രതികരിച്ചില്ല. ദേവിയാകട്ടെ മകന്‍റെ ദുരവസ്ഥയില്‍ ഏതോരമ്മയെയും പോലെ , മനം നൊന്തു പറഞ്ഞു:

“കിട്ടിലയോ ദക്ഷിണ വേണ്ടുവോളം
വിശിഷ്ടനാം ശിഷ്യനില്‍ നിന്നിദാനിം
ദിവ്യായുധം വല്ലതുമുണ്ടു ബാക്കി-
യെന്നാലതും നല്‍കിയനുഗ്രഹിക്കൂ
മകന്‍ പരിക്കേറ്റ് മരിക്കിലെന്ത്?
മഹാരഥന്‍ ശിഷ്യനടുക്കലില്ലേ
രാമന്‍ ജഗല്‍ സത്തമാണ്പോലും
വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം”

എന്നാല്‍ ഈ ബഹളമെല്ലാം കേട്ട ശ്രീപരമേശ്വരന്‍ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ.
പരശുരാമനാകട്ടെ മുറിഞ്ഞ കൊമ്പും കയ്യിലടക്കി നില്‍ക്കുകയാണ് ….
എന്തു നടക്കുമെന്ന് ആധിയോടെ എല്ലാവരും നില്‍ക്കുമ്പോള്‍ പരശുരാമന്‍ രാധാകൃഷ്ണന്മാരെ സ്മരിച്ചു.

ആ നിമിഷം തന്നെ എല്ലാവരുടെയും ഹൃദയത്തെ പരമാനന്ദത്തിലാഴ്ത്തിക്കൊണ്ട് മനോഹരമായ വേണുഗാനം കൈലാസശൈലോപരിയില്‍ നിന്നും ഒഴുകി വന്നു…..
എന്നാല്‍ ഇത് എല്ലാവര്‍ക്കും ശ്രവണയോഗ്യമായിരുന്നില്ല്യ!!
ചുരുക്കംചില ഋഷിശ്വരന്‍മാര്‍ക്ക് മാത്രം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായ ആ നാദമാധുരിയില്‍ സര്‍വ്വ ചരാചരങ്ങളും അലിഞ്ഞു നിന്നു.
അപ്പോള്‍ കലങ്ങിയ മനസ്സുമായി നിന്ന പാര്‍വതി ദേവി പോലും എല്ലാം മറന്നു പരമാനന്ദത്താല്‍ രോമാഞ്ചമണിഞ്ഞു!!!

കൈലാസവാസികള്‍ക്ക് കര്‍ണ്ണാമൃതമായിക്കേട്ട ആ മുരളിനാദത്തിനു പിന്നാലെ കണ്ണുകള്‍ക്ക് ഉത്സവമായി ആകാശമണ്ഡലത്തില്‍ കാണപ്പെട്ട ഒരു തേജസ്സ് അവരുടെ മുന്നിലേക്ക് മന്ദം മന്ദം ഒഴുകി വന്നു.
അതാരായിരുന്നെന്നോ?

ganesh with parashuramaകാര്‍മേഘ കാന്തിയുള്ള ശരിരമുള്ളവനും,ഓടക്കുഴലുമൂതി മനോഹരായ നീല കുന്തളത്തില്‍ മയില്‍പ്പിലി ചൂടിയവനും,ആരെയും മയക്കുന്ന മന്ദഹാസം പോഴിക്കുന്നവനുമായ അത്ഭുതാത്മാവ്……………
കൂടെ ചെമ്പകപ്പൂ തോല്‍ക്കുന്ന നിറത്തോട് കൂടിയവളും ,ഇളം വെയിലില്‍ വിടര്‍ന്ന താമര പോലുള്ള മുഖത്തോട് കൂടിയവളും,പവിഴ കാന്തിയുള്ള ഉടയാട ധരിച്ചവളും ഒരുകയ്യില്‍ താമരപ്പൂവും,മറു കയ്യില്‍ വല്‍ക്കണ്ണാടിയും ധരിച്ച അത്ഭുതാംഗിയും….
എല്ലാവരും വിസ്മയിച്ചു നില്‍ക്കെ സുസ്മേരവദനനായി മഹാദേവന്‍ അവരെ സ്വാഗതം ചെയ്തു.

എല്ലാവര്‍ക്കും തങ്ങളുടെ മുന്‍പില്‍ സാക്ഷാല്‍ രാധാ –കൃഷ്ണന്മാരാണെന്നു മനസ്സിലായി, അവരെല്ലാം വീണുവീണു നമിച്ചു.
രാധാദേവി തന്‍റെ ഇടതു കയ്യാല്‍ ഗണപതിയുടെ കവിളില്‍ തലോടിയപ്പോള്‍ മുറിവെല്ലാം ഇല്ലാതായി.
(ദേവിയുടെ ഇടതുകയ്യില്‍ അമൃതുണ്ട് എന്നാണ്…..)

പിന്നിട് പരശുരാമനെ എഴുന്നേല്‍പ്പിച്ചു .
ഗണപതിയുമായുള്ള പിണക്കം മതിയാക്കി പരസ്പരം കൈകൊടുക്കാന്‍ ആവശ്യപ്പെട്ടു.അങ്ങനെ അവര്‍ തമ്മിലുള്ള പിണക്കം മാറ്റി.

കൈകൊടുക്കുന്നതിനിടയില്‍ തന്‍റെ കയ്യിലിരുന്ന കൊമ്പ് പരശുരാമന്‍ ഗണപതിയെ ഏല്‍പ്പിച്ചു.
ലോകനന്മക്കായിട്ടാണ് ഇതെല്ലാം സംഭവിച്ചത്.
ഈ കൊമ്പ് പിന്നിട് പ്രയോജനമായിത്തീരും എന്നനുഗ്രഹിച്ചു രാധാകൃഷ്ണന്മാര്‍ ഗോലോകത്തെക്ക് യാത്രയായി.

പിന്നിട് ഭാഗവതമെഴുതുന്ന വേളയില്‍ എഴുത്താണി ഒടിഞ്ഞപ്പോള്‍ ഗണപതി ഭഗവാന്‍ ഈ കൊമ്പുകൊണ്ടാണത്രേ മുഴുവന്‍ എഴുതി തീര്‍ത്തത്….