തിരുവാതിര


shiva-parvati-thiruvathira-festivalമംഗല്യവതികളായ സ്‌ത്രീകള്‍ ഭര്‍ത്താവിന്ടെ ആയുരാരോഗ്യത്തിനു വേണ്ടിയും പെണ്‍കിടാങ്ങള്‍ നല്ല ജീവിത പങ്കാളിയെ ലഭിക്കാനും തിരുവാതിര നൊയമ്പ് നോല്‍ക്കുന്നു.വിവാഹിതകളായ സ്‌ത്രീകള്‍ ആദ്യം വരുന്ന ധനുമാസ തിരുവാതിര “പൂത്തിരുവാതിര”യായി ആഘോഷിക്കുന്നു

*ആര്‍ദ്രാ വ്രതം
മംഗല്യവതികളായ സ്‌ത്രീകളെല്ലാം ആഘോഷിക്കുന്ന ചടങ്ങാണ്‌ ആര്‍ദ്രാ വ്രതം.
ധനുമാസത്തിലെ തിരുവാതിര ഭഗവാന്‍ ശ്രീ പരമേശ്വരന്റെ ജന്മനാളായാണ്‌ കരുതപ്പെടുന്നത്‌. അന്ന്‌ ശ്രീ പാര്‍വതി പോലും തിരുനോയമ്പ്‌ എടുക്കുമത്രേ. ബാലഗോപാലനെ വരനായി ലഭിക്കാന്‍ ഗോപികമാര്‍ കാര്‍ത്ത്യായനീ പൂജ നടത്തിയതും, ശിവാഗ്നിയില്‍ കാമദേവന്‍ ദഹിച്ചപ്പോള്‍ ദു:ഖാര്‍ത്തയായി വിലപിച്ച രതീദേവിക്ക്‌ വൈകാതെ ഭര്‍തൃസമാഗമമുണ്ടാകട്ടെ എന്ന്‌ ശ്രീ പാര്‍വതി വരം കൊടുത്തതും, തിരുവാതിര നാളിലാണെന്നാണ്‌ വിശ്വാസം.

അരിയാഹാരം വെടിഞ്ഞ്‌ തിരുവാതിര നാളില്‍ സ്‌ത്രീകള്‍ വ്രതമനുഷ്‌ഠിച്ച്‌ ശിവപൂജ നടത്തുന്നു. ഭക്‌തിയോടെ ഉറക്കം വെടിഞ്ഞ്‌ തിരുവാതിര കളിച്ച്‌ ഭഗവാനെ സ്‌തുതിച്ച്‌ ഭര്‍ത്താവിന്‍റെയും കുടുംബത്തിന്‍റെയും ക്ഷേമത്തിനു വേണ്ടി മംഗല്യവതികള്‍ ആര്‍ദ്രാവ്രതം എടുക്കുന്ന പതിവിന്‌ നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്‌.

തിരുവാതിര നൊയമ്പിന്ടെ പ്രധാന വിഭവങ്ങള്‍ കൂവ കുറുക്കിയതും,എട്ടങ്ങാടി/ തിരുവാതിര പുഴുക്കുമാണ്.

പാർവതി ശിവനെ ഭർത്താവായി ലഭിക്കാനായി കഠിനമായ തപസ്സു ചെയ്യുകയും ശിവൻ ധനുമാസത്തിലെ തിരുവാതിരനാളിൽ പാർവതിക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട് ഭർത്താവാകാൻ സമ്മതിക്കുകയും ചെയ്യുന്നു.

ഇന്നേ ദിവസം ഇതാണ് കന്യകമാരും സുമംഗലികളും തിരുവാതിരക്കളി അവതരിപ്പിച്ച്; നോയമ്പ് നോല്‍ക്കാന്‍ കാരണമെന്ന് ഒരു ഐതിഹ്യം….

അടുത്ത ഐതിഹ്യം ഗോപികമാര്‍ കാര്‍ത്ത്യായനീ പൂജ നടത്തി, നമ്മുടെ പ്രിയപ്പെട്ട കണ്ണന്‍ പ്രത്യക്ഷപ്പെട്ടു വസ്ത്രാപഹരണലീലയോടെ അവരുടെ ശരീര ബോധമകറ്റി
അവര്‍ക്ക് പതിയായി ഭവിച്ചത് ഈ ദിവസമെന്ന് എന്നതാണ്.

“കാത്യായനി! മഹാ മയേ! മഹയോഗിന്യധീശ്വരീ
നന്ദഗോപസുതം ദേവീ ! പതിം മേ കുരു തേ നമഃ”
ഇതി മന്ത്രം ജപന്ത്യസ്താ: പൂജാം ചക്രു കുമാരികാ:
(ശ്രീമദ്‌ ഭാഗവതം- ദശമ സ്കന്ധം-അധ്യായം 22-ശ്ലോകം 4)
(കാര്‍ത്ത്യായനി മഹാമായേ മഹയോഗിന്യധീശ്വരീ
നന്ദഗോപസുതന്‍ ഞങ്ങള്‍ക്കു ഭര്‍ത്താവായി വരേണമേ!)

ഈ വൃതത്തിന്‍റെ അവസാനം ഭഗവാന്‍ തന്നെ പ്രത്യക്ഷപ്പെട്ടു വസ്ത്രാപഹരണലീലയോടെ ഗോപികകളെ പരമ പവിത്രകളാക്കിത്തീര്‍ത്ത് തന്നോട് ചേര്‍ത്തു.

ഹേമന്തഋതു ആരംഭിച്ച മാര്‍ഗ്ഗശീര്‍ഷമാസം എന്നാല്‍ ധനുമാസം തന്നെയാണ്.
ഈ ധനുമാസത്തിലെ തിരുവാതിരയില്‍ ലോകൈകനാഥനായ ശ്രീകൃഷ്ണഭഗവാന്‍ എല്ലാവര്‍ക്കും ഭര്‍ത്താവായിത്തീരാന്‍ നമുക്കും പ്രാര്‍ത്ഥിക്കാം….

puzhukkuവരുംതലമുറക്കാര്‍ തിരുവാതിര നൊയമ്പും ചിട്ടകളും ആചരിക്കുവാന്‍ വേണ്ടി മുത്തശ്ശിമാര്‍ പറയാറുള്ള കഥയിങ്ങനെ.

വിവാഹജീവിതത്തിലേക്ക്‌ എത്തിച്ചേര്‍ന്ന നവോഢയായ ബ്രാഹ്മണ കന്യകക്ക്‌ താമസംവിന വൈധവ്യം വന്നു. തിരുവാതിരയുടെ വ്രതം വേണ്ടപോലെ അനുഷ്ഠിച്ച ഈ കുട്ടിയുടെ ദുരവസ്ഥയില്‍ ശ്രീപാര്‍വതിക്കു സഹിക്കാനാവാത്ത സങ്കടം വന്നു.
പാവം ബ്രാഹ്മണ കുമാരന്‌ നഷ്ടപ്പെട്ട പ്രാണന്‍ തിരികെ നല്‍കിയില്ലെങ്കില്‍ തന്റെ ശിഷ്ട ജീവിതം വിധവയെപ്പോലെയായിരിക്കും എന്ന് പ്രതിജ്ഞ ചെയ്തു!

തിരുവാതിര നൊയമ്പും വ്രതവും ചിട്ടയോടെ അനുഷ്ഠിച്ച ബ്രാഹ്മണ കന്യകയുടെ അനുഭവകഥ മിക്കവര്‍ക്കും അറിയാമായിരിക്കും…
ഉറക്കം വിട്ടുണര്‍ന്നപോലെ യുവാവിന്‌ ജീവന്‍ തിരിച്ചു കിട്ടി!!
അവര്‍ ഇരുവരും ശിഷ്ട കാലം പുത്ര സൗഭാഗ്യത്തോടെ ദീര്‍ഘനാള്‍ സന്തോഷത്തോടെ ജീവിച്ചു എന്ന് കഥ/ ഐതിഹ്യം…

ഈ ഐതിഹ്യം തിരുവാതിരക്ക് പാട്ടുപാടി കളിക്കാറുണ്ട്‌.
“മംഗലാ ആതിര നല്‍പ്പുരാണം
എങ്കിലോ കേട്ടാലുമുള്ള വണ്ണം
പണ്ടൊരു ത്രേതായുഗത്തിങ്കല്
ഉത്തമനായൊരു വൈദികന്……
……
മംഗല ആതിര പാടുന്നോരരും
ഭക്തിയോടിക്കഥ കേള്‍ക്കുന്നോരും
അര്‍ത്ഥവും പുത്രരും ബന്ധുക്കളും
ഭര്‍ത്താവുമായി സുഖിച്ചിരിക്കും”

ഇന്ന് കൈക്കൊട്ടിക്കളി അല്ലെങ്കില്‍ തിരുവാതിരക്കളി പക്കവാദ്യത്തിന്റെ മേളക്കൊഴുപ്പും ഒക്കെ കൊണ്ട്‌ വേറൊന്നായിക്കഴിഞ്ഞു.
തിരുവാതിര കളിക്കുന്ന പെൺകുട്ടികളുടെ സംഘത്തിന് ഒരു നായിക കാണും. നായിക ആദ്യത്തെ വരി പാടുകയും സംഘം അതേ വരി ഏറ്റുപാടുകയും ചെയ്യുന്നു. പാട്ടിന്റെ താളത്തിനൊപ്പിച്ച് സംഘത്തിലുള്ളവർ ചുവടുവയ്ക്കുകയും കൈകൾ കൊട്ടുകയും ചെയ്യുന്നു. ലാസ്യഭാവമാണ് കളിയിലുടനീളം നിഴലിച്ചുനില്ക്കുക. പൂജയോടനുബന്ധിച്ച് നടത്തുന്ന കളിയിലെ ചുവടുകൾ വളരെ ലളിതമായിരിക്കും

koova payasamഇന്ന് കൈകൊട്ടുക എന്നത്‌ ആംഗ്യം മാത്രമായിത്തീര്‍ന്നു. അതുപോലെ ഇന്നത്തെ കളി, ലാസ്യ നടത്തത്തിലേക്ക്‌ പ്രവേശിച്ചു എന്നു പറയുന്നതാവും ശരി.

സ്വന്തമായുള്ള നമ്മുടെ നാടന്‍ കലയെ പരിഷ്ക്കരിച്ചു വല്ലാതാക്കി കഴിഞ്ഞുവെന്നതാണ്‌ യാതാര്‍ത്ഥ്യം.
ശിവക്ഷേത്രദര്‍ശനത്താല്‍ മനസിനെ കുളിര്‍പ്പിക്കാന്‍ തിരുവാതിര നാളില്‍ മങ്കമാരുടെ കുത്തൊഴുക്കാവും ” ദാ…” എന്നു പറയുമ്പോഴേക്കും വേര്‍പിരിയാന്‍ തക്ക ലാഘവത്തിലായി ദാമ്പത്യബന്ധം.
അന്യദേശ സംസ്ക്കാരത്തിന്റെ തിരുശേഷിപ്പുകള്‍ മലയാളത്തിന്റെ മണ്ണില്‍ പുലരാതിരിക്കാന്‍ മഹാദേവനോടും ശക്തിസ്വരൂപിണിയായ ഭഗവതി ശ്രീപാര്‍വതിയോടും പ്രാര്‍ത്ഥിക്കുകയാണഭികാമ്യം….
ഏവര്‍ക്കും നന്മകള്‍ മാത്രം ഭവിക്കട്ടെ…..
ഹരി ഓം….

 

courtesy :  Adv. Manjula RamMohan