ദേവി കന്യാകുമാരി…


Kanyakumari-bhagavatiഭാരതത്തിന്റെ തെക്കേയറ്റ് സ്ഥിതിചെയ്യുന്ന കന്യാകുമാരി ത്രിവേണീ സംഗമസ്ഥാനം. ദേവികന്യാകുമാരിയുടെ പവിത്രസന്നിധാനം. അവിടേക്ക് ഒരിക്കല്‍ ഒരു പരിവ്രാജകന്‍ എത്തിച്ചേര്‍ന്നു.

ഭാരതം മുഴുവന്‍ സഞ്ചരിച്ച് ഒടുവില്‍ ആ യാത്ര ദേവിയുടെ പാദപത്മങ്ങളില്‍ സമര്‍പ്പിക്കപ്പെട്ടു.

കാലം ഏറെ കഴിഞ്ഞു…..

ഭാവനാ കുബേരനായ മലയാളത്തിന്റെ മഹാകവി പി. കുഞ്ഞിരാമന്‍നായര്‍, നിത്യകന്യകയെ തേടിയുള്ള തന്റെ നിരന്തര യാത്രയ്ക്കിടയില്‍ അവിടം സന്ദര്‍ശിച്ചു.

ആ സന്ദര്‍ശനത്തെ സ്മരിച്ചുകൊണ്ട് പിന്നീട് കവി എഴുതി, ”ശ്രീ വിവേകാനന്ദന്‍- വിശ്വാതിശായിയായ ഒരനശ്വര സങ്കല്‍പം അത്ഭുത സങ്കല്‍പ്പ ജ്യോതിര്‍മണ്ഡലം- അതായിരുന്നു ശ്രീ വിവേകാനന്ദന്‍…”

1892 ഡിസംബര്‍ 24 നായിരുന്നു കന്യാകുമാരി ദേവിയുടെ മടിത്തട്ടിലേക്ക് ആ മകന്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്നുള്ള മൂന്ന് ദിനരാത്രങ്ങള്‍ അമ്മയെ ധ്യാനിച്ച് ആ മകന്‍ കഴിഞ്ഞു.

പൂര്‍വകാല മാഹാത്മ്യത്തിന്റെ സുവര്‍ണ സിംഹാസനത്തില്‍ ഭാരതത്തെ വീണ്ടുമൊരിക്കല്‍കൂടി അവരോധിക്കാനായി അവതരിച്ച യോഗിയുടെ ധ്യാനം. അമ്മയുടെ മടിത്തട്ടായ ശ്രീപാദപാറയിലെ ധ്യാനം ആ മകനെ യുഗപ്രഭാവനായ യോഗിവര്യനാക്കിത്തീര്‍ത്തു.

ശ്രീകോവിലില്‍ വാണരുളുന്ന ദേവി. ആ ദേവി കന്യാകുമാരിയുടെ സന്നിധാനത്തില്‍, കാളിഘട്ടിന്റെ നാട്ടില്‍നിന്നും വന്ന യുവസന്യാസി, അമ്മയുടെ സര്‍വാതിശായിയായ സൗന്ദര്യത്തില്‍ മുഗ്ധനായി ചൊല്ലിയ ശ്ലോകമാണ്……..
“കാത്വം ശുഭേ ശിവകരേ സുഖദുഃഖ ഹസ്‌തേ ആഘുര്‍ണ്ണിതം ഭവജലം പ്രബലോര്‍മ്മി ഭങ്‌ഗൈഃ ശാന്തിം വിധാതുമിഹ കിം ബഹുധാ വിഭഗ്നാം മാതഃപ്രയത്‌ന പരമാസി സദൈവ വിശ്വ”

(സുന്ദരീ! നീ ആര്‍? മംഗളം ചെയ്യുന്നവളേ! സുഖദുഃഖങ്ങള്‍ കൈയിലേന്തുന്നവളേ! സംസാര ജലരാശിയെ ഊക്കന്‍ തിരമാലകളെക്കൊണ്ട് നീ ഇളക്കി മറിക്കുന്നുവല്ലോ. ഈ വിശ്വത്തില്‍ വളരെ തകര്‍ന്നിരിക്കുന്ന ശാന്തി (വീണ്ടും) ഏര്‍പ്പെടുത്തുവാനുള്ള പ്രയത്‌നത്തില്‍ എപ്പോഴും തന്നെ ഏര്‍പ്പെട്ടിരിക്കയാണോ, അമ്മേ?)