മഹാബലി


maveliഓണമെന്നു പറഞ്ഞാല്‍ പത്രങ്ങളിലും മറ്റു ദൃശ്യ മാധ്യമങ്ങളിലും കാണുന്ന പോലെത്തന്നെ ആദ്യം ഓര്‍മ വരുന്നത് മഹാബലിയെയാണ്…
(കുടവയറൊക്കെയായി പട്ടക്കുട പിടിച്ച്……
ഇത്ര ഉത്തമനായൊരു രാജാവിനെ എന്തിനാണ് ഇങ്ങനെ ചിത്രീകരിച്ചു വച്ചിരിക്കുന്നത് എന്ന് അറിയില്ല്യ!!!സ്വര്‍ണ്ണക്കുട പിടിക്കാന്‍ തക്ക ആസ്തിയുള്ള ആളെ….)

നാടോടി മിത്തുകളിലൂടെ പ്രിയങ്കരനായ ദ്രാവിഡ രാജാവാണ്‌ മഹാബലി. മാവേലി എന്നും കേരളീയർ വിളിക്കുന്നു.

എന്നാല്‍ ആരാണ് ഈ മഹാബലി??

വാസ്തവം പറഞ്ഞാല്‍ നമുക്ക് ധാരാളം കേട്ടറിവുള്ള പ്രഹ്ലാദന്ടെ പേരക്കുട്ടിയാണ്.
കൂടുതല്‍ വ്യക്തമാക്കാം….
കശ്യപ പ്രജാപതിക്ക് രണ്ടു പത്നിമാരായിരുന്നു — ദക്ഷപുത്രിമാരായ അദിതി & ദിതി.
അദ്ദേഹത്തിന് അദിതിയില്‍ സുരന്മാരും, ദിതിയില്‍ അസുരന്മാരും ജനിച്ചു.

നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ ദേവന്മാരും അസുരന്മാരും (ദൈത്യന്മാരും) ബന്ധുക്കള്‍ ആണ്!!!
ദൈത്യന്മാരില്‍ ഹിരണ്യാക്ഷന്‍ & ഹിരണ്യകശിപു എന്നിവര്‍ നമുക്ക് സുപരിചിതരാണല്ലോ…..
അവരില്‍ ഹിരണ്യകശിപുവിന്‍റെ പുത്രന്‍ പ്രഹ്ലാദനേയും നമ്മള്‍ ധാരാളം കേട്ടറിഞ്ഞിട്ടുണ്ട്.

പ്രഹ്ലാദന്‍റെ പുത്രനായിരുന്നു വിരോചനന്‍.
വിരോചനന്‍റെ പുത്രനാണ് ഇന്ദ്രസേനന്‍ അഥവാ “മഹാബലി”

മഹാബലി എന്ന വാക്കിനർത്ഥം ‘വലിയ ത്യാഗം’ ചെയ്‌തവൻ എന്നാണ്‌.
ഈ ഇന്ദ്രസേനന്‍ “മഹാബലി” ആയത് എങ്ങിനെ??
അതൊന്നു ചുരുക്കി പറയാന്‍ ശ്രമിക്കാം.
പാലാഴി മഥനത്തില്‍ കിട്ടിയ അമൃതിനെചൊല്ലി ദേവന്‍മാരും അസുരന്‍മാരും തമ്മില്‍ തര്‍ക്കമായി… അത് മൂത്ത് യുദ്ധത്തിലെത്തി.
യുദ്ധത്തില്‍ ഇന്ദ്രസേനന്‍(ബലി) അടക്കം ഒട്ടേറെ അസുരന്‍മാര്‍ മരിച്ചുവീണു.
ഇതറിഞ്ഞ്‌ അസുരഗുരുവായ ശുക്രാചാര്യരെത്തി; മൃതസഞ്ജീവനി മന്ത്രത്താല്‍ അവരെയെല്ലാം പുനര്‍ജീവിപ്പിച്ചു.
വിശ്വത്തെ മുഴുവന്‍ ജയിക്കാനായി ഗുരു ബലിയെക്കൊണ്ട്‌ “വിശ്വജിത്ത്‌യാഗം” നടത്തിക്കുകയും യാഗത്തില്‍നിന്ന്‌ ലഭിച്ച ഒട്ടനേകം യുദ്ധസാമഗ്രികളുമായി ദേവലോകത്തെ ആക്രമിച്ച്‌ ബലി മൂന്നു ലോകങ്ങളുടേയും അധിപനാവുകയും ചെയ്തു.

അങ്ങനെ ബലി പ്രജാക്ഷേമ തല്‍പ്പരനായി ഭരണം നടത്തി വരികയായിരുന്നു….

തന്റെ മക്കള്‍ക്ക്‌ രാജ്യം നഷ്ടപ്പെട്ടതില്‍ ദുഃഖിതയായ ദേവമാതാവ്‌ അദിതി, ഭര്‍ത്താവ്‌ കശ്യപന്റെ നിര്‍ദ്ദേശപ്രകാരം പയോവ്രതം അനുഷ്ഠിക്കുകയും അതില്‍ സന്തുഷ്ടനായ മഹാവിഷ്ണു അദിതിയുടേയും കശ്യപന്റേയും പുത്രനായി ജനിച്ച്‌ രാജ്യം തിരിച്ചേല്‍പ്പിക്കാം എന്ന്‌ വാക്ക്‌ കൊടുക്കുകയും ചെയ്തു.
അങ്ങനെ ചിങ്ങമാസത്തിലെ തിരുവോണനാളില്‍ മഹാവിഷ്ണു അവതരിച്ചു — “വാമനന്‍” ആയിട്ട്.

ഒരു ദിവസം, ഏഴുവയസ്സ്‌ മാത്രം പ്രായമുള്ള വാമനന്‍ ബലിയുടെ അശ്വമേധയാഗഭൂമിയിലേക്ക്‌ ഭിക്ഷാപാത്രവുമായി എത്തി.
അതീവ തേജസ്സുള്ള ആ ബാലനെക്കണ്ട്‌ മഹാബലി അടക്കമുള്ളവര്‍ ആദരപൂര്‍വ്വം എണീറ്റുനിന്നു.
താന്‍ ത്രൈലോക്യനാഥനാണെന്നും ആവശ്യമുള്ളതെന്തും ചോദിക്കാമെന്നും ബലി ബാലനോട്‌ പറഞ്ഞു.
എന്നാല്‍ തന്റെ പിഞ്ചുപാദം കൊണ്ട്‌ അളക്കാവുന്ന മൂന്നടി ഭൂമി മാത്രം മതി എന്ന്‌ വാമനന്‍ പറഞ്ഞു.

vamanavatharamവാമനന്റെ ബാലിശമായ ആവശ്യം കേട്ട്‌ ബലി നഗരങ്ങളോ, ദ്വീപുകളോ അങ്ങനെ വലിയതെന്തെങ്കിലും ചോദിക്കാന്‍ ആവശ്യപ്പെട്ടു….(ബലിയുടെ “ഞാന്‍” എന്ന ഭാവം പറയിപ്പിക്കുന്നതാണ് ഇതെല്ലാം….)
അവരുടെ സംവാദം രസകരമാണ്….
എന്നാല്‍ വാമനന്‍ തന്റെ ഈ ആവശ്യത്തില്‍ മാത്രം ഉറച്ചുനിന്നു. ഒടുവില്‍ ബലി അതിനു സമ്മതിച്ചു.

അപ്പോള്‍ ശുക്രാചാര്യര്‍ വന്ന്‌ ദാനത്തിനൊരുങ്ങുന്ന ബലിയെ തടയുകയുണ്ടായി — ആ വടു വേഷം മാറി വന്ന മഹാവിഷ്ണു ആണെന്ന് ഉപദേശിച്ചുകൊണ്ട്….
എന്നാല്‍ ദാനം നല്‍കുന്ന കാര്യത്തില്‍നിന്നും അദ്ദേഹം ഒട്ടും പിന്‍മാറിയില്ല.

ഭൂമി അളന്നെടുക്കാന്‍ ഒരുമ്പെടും മുമ്പ്‌ വാമനന്‍ ആകാശത്തോളം വളര്‍ന്ന്‌ രണ്ടടികൊണ്ടുതന്നെ മൂന്നുലോകങ്ങളും അളന്നെടുത്തു.
ഭഗവാന്റെ ഈ വിശ്വരൂപം കണ്ടപ്പോള്‍ ത്രൈലോക്യനാഥനാണ്‌ താനെന്ന ഗര്‍വ്വ്‌ ബലി അവസാനിപ്പിക്കുകയും തലകുനിച്ച്‌ സ്ഥിതപ്രജ്ഞനാവുകയും ചെയ്തു.
മൂന്നു ലോകങ്ങളും സ്ഥാനമാനങ്ങളും സകല സൗഭാഗ്യങ്ങളും നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും ഗുരുവിന്റെ ശാപമേറ്റിട്ടും വാക്കുമാറാത്ത ബലിയുടെ പ്രവൃത്തിയില്‍ സന്തുഷ്ടനായ ഭഗവാന്‍ തന്റെ പാദമുദ്രകൊണ്ട്‌ ബലിയെ ദേവന്‍മാര്‍പോലും എത്താന്‍ കൊതിക്കുന്ന “സുതല”ലോകത്തിലേക്ക്‌ അനുഗ്രഹിച്ച്‌ അയക്കുകയും ചെയ്തു…..

സത്യം അറിഞ്ഞിട്ടും തന്ടെ ദാനത്തിലും ത്യാഗത്തിലും ഉറച്ചു നിന്ന ബലിയെ “മഹാബലി”യായി വാഴ്ത്തിയ ഭഗവാന്‍ ഗദാധാരിയായി സ്വയം ബലിക്കു കാവല്‍ നില്‍ക്കുന്നതായാണ് ശ്രീമദ്‌ ഭാഗവതത്തില്‍ പറയുന്നത്….
അഷ്ടമസ്കന്ധത്തില്‍ അധ്യായം 15 മുതല്‍ 23 വരെ ഇതാണ് പ്രതിപാദിക്കുന്നത്…

സര്‍വം ശ്രീകൃഷ്ണാര്‍പ്പണമസ്തു.

 

 

courtesy :  Adv. Manjula RamMohan