വിഷുച്ചിന്തകൾ


രാവിലെ ഉറക്കമുണരുമ്പോള്‍ ആദ്യം കാണുന്ന കാഴ്ചയ്ക്കാണ്‌ കണിയെന്ന്‌ പറയുന്നത്‌. ആ കാഴ്ച ശുഭമായിരുന്നാല്‍ ആ ദിവസം ശുഭഫലങ്ങള്‍ കൈവരുമെന്നാണ്‌ വിശ്വാസം.

സാധാരണ ദിനങ്ങളില്‍ കണികണ്ടാല്‍ ആ ദിവസവും, മാസാരംഭ ദിനത്തില്‍ (അതായത്‌ സൂര്യ സംക്രമദിനത്തില്‍) കണികണ്ടാല്‍ ആ മാസവും, വിഷുവിന്‌ കണികണ്ടാല്‍ ഒരുവര്‍ഷക്കാലവും കണിയുടെ ഫലങ്ങള്‍ അനുഭവവേദ്യമാകുമെന്ന്‌ വിശ്വസിക്കപ്പെടുന്നു.

നിത്യേന കണി ഒരുക്കി അത്‌ കാണുന്നത്‌ പ്രായോഗികമല്ലല്ലോ….
അതിനാല്‍ രാവിലെ ഉണര്‍ന്ന്‌ കിടക്കയിലിരുന്നത്‌ തന്റെ കൈപ്പടങ്ങള്‍ നിവര്‍ത്തി അതില്‍ നോക്കുന്നത്‌ ശുഭമായ കണിയാണെന്ന്‌ വിശ്വസിക്കപ്പെടുന്നു.
“കരാഗ്രേ വസതേ ലക്ഷ്മി
കരമദ്ധ്യേ സരസ്വതി
കരമൂലേ സദാ ഗൗരി 
പ്രഭാതേ കര ദർശനം”

എന്ന് പറഞ്ഞു സ്വന്തം കൈകളിലേക്ക് നോക്കിയാവണം പ്രഭാതത്തിൽ
എഴുനേൽക്കെണ്ടതെന്നു നമ്മുടെ സംസ്കാരം ഉദ്ഘോഷിക്കുന്നു …
(പവിത്രമായ ദേവതാ സാന്നിധ്യം കരങ്ങളിലുണ്ട്‌ എന്ന്‌ നാം സങ്കല്‍പിക്കുമ്പോള്‍ അപവിത്രമായ ഒന്നും ആ കരങ്ങള്‍കൊണ്ട്‌ ചെയ്യരുത്‌ എന്ന തിരിച്ചറിവും നമുക്കുണ്ടാവേണ്ടതാണ്‌.)

പ്രഭാതത്തില്‍ പശുവിനെ കണികാണുന്നതും ഐശ്വര്യപ്രദമാണെന്ന്‌ വിശ്വസിക്കപ്പെടുന്നു.

ദീപത്തോടുകൂടിയ നിലവിളക്ക്‌, സ്വര്‍ണ്ണം, കൊന്നപ്പൂക്കള്‍, വലംപിരിശംഖ്‌, ഗ്രന്ഥം തുടങ്ങിയവയും മംഗളപ്രദങ്ങളായ കണികളായി കരുതിവരുന്നു. പൂര്‍ണ്ണകുംഭം, വാല്‍ക്കണ്ണാടി തുടങ്ങിയവയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നതാണ്‌.

ഒന്നാംതീയതി കയറുക എന്നൊരു ആചാരവും കേരളത്തില്‍ പ്രചാരത്തിലുണ്ട്‌. ഒരു ഭവനത്തില്‍ ചില വ്യക്തികള്‍ ഒന്നാം തീയതി കയറിയാല്‍ ശുഭവും ചിലര്‍ കയറിയാല്‍ അശുഭവും സംഭവിക്കുമെന്നാണ്‌ വിശ്വാസം.

 

vishu2വിഷുദിനത്തിലെ കണികാണലിനാണ്‌ ഏറ്റവും പ്രാധാന്യം കല്‍പിക്കപ്പെടുന്നത്‌. സൂര്യോദയത്തിന്‌ മുന്‍പ്‌ സംക്രമമുഹൂര്‍ത്തം വന്നാല്‍ ആ ദിവസവും; ഉദയശേഷം വന്നാല്‍ പിറ്റേദിവസവുമാണ്‌ വിഷു ആഘോഷിക്കുക.
ഈ വർഷം വിഷു വരുന്നത് ഏപ്രിൽ 15 നാണ് .

വിഷുദിനപ്പുലര്‍ച്ചെ വീട്ടിലെ പ്രായം ചെന്ന അംഗം എഴുന്നേറ്റ്‌ വിളക്കുകൊളുത്തി കണികണ്ടതിനുശേഷം വീട്ടിലെ മറ്റ്‌ അംഗങ്ങളെ വിളിച്ചുണര്‍ത്തി കണികാണിക്കുന്നു. അതിനുശേഷം വീട്ടിലെ കന്നുകാലികളെയും കണികാണിക്കാറുണ്ട്‌. തുടര്‍ന്ന്‌ കാരണവര്‍ കുടുംബാംഗങ്ങള്‍ക്ക്‌ “വിഷുക്കൈനീട്ടം” നല്‍കുന്ന പതിവുമുണ്ട്‌.

“തുടക്കം നന്നായാല്‍ എല്ലാം നന്നായി” എന്നതാണല്ലോ നമ്മുടെ വിശ്വാസം. അത്തരമൊരു നല്‍ക്കാഴ്‌ചയാണ്‌ വിഷുക്കണി ഒരുക്കുന്നത്‌.

സ്വന്തം അധ്വാനത്താല്‍ വിളയിച്ചെടുത്തുതും വീടിനു ചുറ്റുപാടും നിന്നും ലഭിക്കുന്നതും ആയ വിഭവങ്ങള്‍ കൊണ്ടാണ്‌ വിഷുക്കണി ഒരുക്കുക.

തേച്ചുമിനുക്കിയ ഓട്ടുരുളിയില്‍ ഉണക്കലരി, പൊന്‍നിറമുള്ള കണി വെള്ളരി, ഉരുളിക്കും വെള്ളരിക്കുമിടയില്‍ വിശറിപോലെ ഭംഗിയായി ഞൊറിഞ്ഞുവച്ച ഇരട്ടക്കര മുണ്ടില്‍ കണികാണുന്നവന്റെ മുഖവും കാണത്തക്ക വണ്ണം ചാരിവച്ചിരിക്കുന്ന വാല്‍കണ്ണാടി, വാല്‍കണ്ണാടിയുടെ കഴുത്തില്‍ പൊന്‍മാല, പാദത്തില്‍ കൊന്നപ്പൂങ്കുല, കുങ്കുമച്ചെപ്പ്‌, കണ്‍മഷിക്കൂട്‌, പൊതിച്ച നാളികേരം, പഴം, താമ്പൂലം, വെള്ളിനാണയങ്ങള്‍, നിറച്ചെണ്ണപകര്‍ന്നു കൊളുത്തിവച്ച നിലവിളക്ക്‌, ചക്ക, മാങ്ങ… തുടങ്ങിയ വീട്ടുവളപ്പില്‍ വിരിഞ്ഞ ഫലവര്‍ഗങ്ങള്‍ എന്നിവ ഒത്തു ചേരുന്നതാണ്‌ “വിഷുക്കണി.”

അപ്രിയമായതൊന്നും കണ്ണില്‍ പെടാതിരിക്കാനായി വഴിയിലെങ്ങും കണ്ണു തുറക്കാതെയാണ്‌ കണികാണാന്‍ വരിക.

ഈ ഐശ്വര്യപൂര്‍ണമായ കാഴ്‌ചയോടൊപ്പം വാല്‍കണ്ണാടിയില്‍ നിലവിളക്കിന്റെ സ്വര്‍ണപ്രഭയില്‍ തിളങ്ങുന്ന സ്വന്തം മുഖവും .ഒരു വര്‍ഷം മുഴുവന്‍ അകകണ്ണില്‍ ഈ അഭൗമ ദൃശ്യം തിളങ്ങി നില്‍ക്കാതിരിക്കില്ല.

വിഷുക്കണിക്ക്‌ മുമ്പിലിരുന്ന്‌ മൂത്തവരില്‍ നിന്നും വാങ്ങുന്ന കൈനീട്ടത്തിന്റെ സന്തോഷവും അങ്ങനെതന്നെ….

 

“വിത്തും കൈക്കോട്ടും” എന്ന് പാടി വരുന്ന വിഷു പക്ഷികൾ നിറഞ്ഞ പ്രഭാതങ്ങളും, പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നപ്പൂവിന്‍റെ മുഗ്ദ്ധ സൌന്ദര്യവും …എത്ര മധുരമായ ഓർമ്മകൾ!!!

vishupakshi1കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു.
മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്.
ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ്‌ ഈ ദിനം.

‘പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക’ എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ്‌ കാണിക്കുന്നത്‌.

ഭാരതത്തിലെ കാർഷികപഞ്ചാംഗത്തിലെ ആദ്യദിനമാണ്‌ കേരളത്തിൽ വിഷു ആയി ആഘോഷിക്കുന്നത്‌. ഭാരതത്തിലെമ്പാടും ഇതേ ദിവസം ആഘോഷങ്ങൾ ഉണ്ട്‌. ഉദാഹരണത്തിന്‌ അസമിലെ ബിഹു.(വൈശാഖമാസത്തിലെ ബൈഹാഗ്‌ ആണ്‌ അവർക്ക്‌ ബിഹു.)
അന്നേ ദിവസം കാർഷികോത്സവത്തിനു പുറമെ നവവത്സരവും, വസന്തോത്സവവും എല്ലാമായി അവർ ആഘോഷിക്കുന്നു.
കൃഷിഭൂമിപൂജ, ഗോപൂജ, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനങ്ങൾ നൽകുക, സംഘനൃത്തം എന്നിവയെല്ലാം ബിഹുവിന്റെ ഭാഗമാണ്‌. കൃഷിയിടങ്ങളിലെ പൊലിപ്പാട്ടും, വളർത്തുമൃഗങ്ങളെ കണികാണിക്കലും, കൈനീട്ടം നൽകലും എല്ലാം വിഷുവിലും ഉണ്ട്.

ബീഹാറിലെ ആഘോഷത്തിനും ബൈഹാഗ്‌ എന്നാണ്‌ പറയുക. പഞ്ചാബിൽ ഇതേ സമയം വൈശാഖിയും തമിഴ്‌നാട്ടിൽ പുത്താണ്ടും ആഘോഷിക്കുന്നു.
കർണാടകയിലും ആന്ധ്രാപ്രദേശിലും ഇക്കാലത്ത്‌ ഉഗാദി എന്ന ആഘോഷം കൊണ്ടാടുന്നു. യുഗ-ആദി ആണ്‌ ഉഗാദി ആയത്‌, അർത്ഥം ആണ്ടുപിറപ്പ്‌ എന്നു തന്നെ.