വിഷു പുരാണം


ഓം നമോ നാരായണായ

ഭാരതത്തിലെ ഏറ്റവും ഫലഭൂയിഷ്ടമായ സംസ്ഥാനമാണ് കേരളം.

കേരളം ഉണ്ടായതിനെ പറ്റി ഭാഗവത പ്രഭാഷണത്തിൽ കേട്ട ഒരു കഥ  പറയാം.
എല്ലാവർക്കും അറിയാം –പരശുരാമൻ മഴു എറിഞ്ഞാണ് കേരളം ഉണ്ടായതെന്ന്.

parasuramaപരശുരാമൻ തന്ടെ അവതരോദ്യേശം നിറവേറ്റിയശേഷം  തന്ടെ ചൈതന്യം മുഴുവൻ ശ്രീരാമ ദേവനിലേക്ക് പ്രവഹിപ്പിച്ചു , അതിനുശഷം തനിക്കു സ്വൈര്യമായി ഇരുന്നു തപസ്സു ചെയ്യാനായി ഭാരതത്തിന്ടെ തെക്ക് ഭാഗത്തേക്ക് യാത്ര ചെയ്തു. തനിക്കിനി തന്ടെ ആയുധം (മഴു) ആവശ്യമില്ലെന്ന് കണ്ടു അദേഹം അത് കടലിലേക്കെറിഞ്ഞു. അങ്ങിനെയാണ് കടലിൽ നിന്നും കേരളം ഉയർന്നു വന്നത്.
അങ്ങനെ ഉയര്‍ന്നു വന്ന ഈ കരയിൽ നിറയെ ഫല വൃക്ഷങ്ങളും മറ്റും സമൃദ്ധമായി  നിറഞ്ഞു നിന്നു…..

പരശുരാമൻ  സ്വസ്ഥമായി തപസ്സു ചെയ്തോണ്ടിരിക്കെ ഉത്തര ദേശത്തുനിന്നും കുറച്ചു ബ്രാഹ്മണ കുടുംബക്കാർ ക്ഷത്രിയ രാജാക്കന്മാരെ ഭയന്ന് കേരളത്തിൽ എത്തപ്പെട്ടു.
അവര് പരശുരാമനോട് ഈ ഭൂമി തങ്ങൾക്കു തരാൻ അപേക്ഷിച്ചു.  പരശുരാമൻ ഈ ഭൂമി അവർക്ക് നല്കിയ ശേഷം തപസ്സു ചെയ്യാനായി ഹിമാലയത്തിലേക്ക് പോയി.

പോകും നേരം ബ്രാഹ്മണർ ചോദിച്ചു തങ്ങളെ ക്ഷത്രിയർ ഇനിയും അക്രമിക്കുകയാണെങ്കിൽ ഞങ്ങൾ എന്ത് ചെയ്യുമെന്ന്?
പരശുരാമൻ ഒരു  മന്ത്രം  അവരെ ഉപദേശിച്ചു നല്കി.
എപ്പോൾ നിങ്ങൾ ഈ മന്ത്രം ചൊല്ലി എന്നെ സ്മരിക്കുന്നുവോ ആ നിമിഷം ഞാൻ നിങ്ങടെ സംരക്ഷണത്തിനായി എത്തും എന്ന് വാക്കും നല്‍കി.

ഒരു ജോലിയും ചെയ്യാതെ തന്നെ പ്രകൃതി അവർക്ക് വേണ്ടതെല്ലാം കൊടുത്തു കൊണ്ടിരുന്നു.
അങ്ങിനെ ബ്രാഹ്മണർ വേദമന്ത്രങ്ങളും   പൂജകളും യാഗങ്ങളും മാത്രം ചെയ്തു കൊണ്ട് കാലം കഴിച്ചു.
വർഷങ്ങൾ പലതു കഴിഞ്ഞു…. കാലക്രമേണ അവരിൽ പലരും സന്മാർഗ്ഗത്തിൽ നിന്നും വഴിമാറി തുടങ്ങി.

ഒരു ദിവസം ഒരു യാഗം നടന്നു കൊണ്ടിരിക്കെ ചിലര്‍ക്കൊക്കെ സംശയം പരശുരാമൻ ഉപദേശിച്ച മന്ത്രം സത്യം തന്നെയാണോ എന്ന്. അവർ അതൊന്നു പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു.  അവരെല്ലാവരും കൂടി ആ മന്ത്രം ജപിച്ചു.
തൊട്ടടുത്ത നിമിഷം പരശുരാമൻ അവിടെ പ്രത്യക്ഷപ്പെട്ടു!!!

അദ്ദേഹത്തിന് കാര്യങ്ങൾ എല്ലാം മനസിലായി, അദ്ദേഹം ക്രുദ്ധനായി “നിങ്ങൾ ധിക്കാരികൾ ആയിതീര്‍ന്നിരിക്കുന്നു– ഈ ഭൂമിയിൽ നിന്നും ധര്‍മ്മം നശിച്ചുപോയി, നിങ്ങൾ അലസന്മാരും മടിയന്മാരും ആയതുകൊണ്ടാണ് ഇതെല്ലം സംഭവിച്ചത്, അതുകൊണ്ട് നിങ്ങടെ സകലതും നശിച്ചു പോകട്ടെ” എന്ന് ശപിച്ചു.
എല്ലാവരും കൂടി മാപ്പ് ചോദിച്ചു.
പരശുരാമന് അവരോടു കനിവ് തോന്നി അദ്ദേഹം പറഞ്ഞു ഈ മണ്ണിൽ നിങ്ങള്‍ക്ക് കൃഷിചെയ്യാം; അതിൽ നിന്നും നിങ്ങള്‍ക്ക് കിട്ടുന്ന ഫലങ്ങൾ മുഴുവനും  (പണം, സ്വര്‍ണം, ……..) ഭഗവാനു സമര്‍പ്പിച്ചിട്ടു ആ പ്രസാദം കൊണ്ട് ആ വര്‍ഷം ജീവിക്കുക.

അന്ന് മുതൽ അവരെല്ലാം കൃഷി ചെയ്യാൻ തുടങ്ങി, കൊയ്ത്തു കഴിഞ്ഞാൽ സകലതും കൂടി ഭഗവാനു സമര്‍പ്പിക്കും.

അതിന്ടെ ഓർമ്മക്കാണ് നമ്മൾ വിഷുക്കണി  വെക്കുന്നത്.
അങ്ങിനെയാണ് വിഷു ഉണ്ടായതെന്നൊരു വിശ്വാസമുണ്ട്‌.

വിഷുവിനു ആദ്യം പറഞ്ഞിരുന്നത് “വിഷ്ണു പൂജ” എന്നായിരുന്നു, കാലക്രമേണ അത് “വിഷു” എന്നായി മാറി.