മഹാ ഗണപതി


ganapathiനമുക്കെല്ലാം അറിയാം — പരമശിവന്റേയും പാർവതിദേവിയുടേയും ആദ്യപുത്രനാണ് മഹാ ഗണപതി.
ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാഗണപതിയെ കണക്കാക്കുന്നത്.

ഹൈന്ദവ ദർശനത്തിലെ എല്ലാ രൂപങ്ങളേയും ദൈവങ്ങളേയും പോലെ തന്നെ ഗണപതിയുടെ രൂപത്തിനും അതിന്റേതായ ബിംബ കൽപ്പനകളുണ്ട്
മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വർണ്ണിച്ചിരിയ്ക്കുന്നത്.
എന്നാല്‍ രണ്ടു കൊമ്പുള്ളതില്‍ ഒരു കൊമ്പ് ഒടിഞ്ഞതായി പറഞ്ഞിരിയ്ക്കുന്നു….

പൊതുവേ വിഘ്നങ്ങളകറ്റുന്ന ദേവനായാണ് ഗണപതിയെ പറയുന്നത്. അധ്യാത്മിക മാർഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാൽ ഇല്ലാതെയാകും എന്നാണ് വിശ്വാസം.
എലിയാണ് അദ്ദേഹത്തിന്റെ വാഹനം.

സംസ്കൃത സം‌യുക്തനാമമായ ഗണപതി, ഭൂതഗണങ്ങളെ കുറിക്കുന്ന ‘ഗണം’, നേതാവ് എന്നർത്ഥമുള്ള ‘അധിപതി’ എന്നീ വാക്കുകൾ ചേർന്നാണ് ഉണ്ടാകുന്നത്.
പതി എന്ന വാക്കിനു പകരം സമാനാർത്ഥമുള്ള ‘ഈശൻ’ എന്ന പദമാകുമ്പോഴാണ് “ഗണേശന്‍” ആയി മാറുന്നത്. ശിവന്റെ ഭൂതഗണങ്ങളുടെ നേതൃസ്ഥാനം വഹിച്ചതാണ്‌ ഈ പേരുകൾക്ക് ആധാരം.

സംസ്കൃത ഗ്രന്ഥമായ അമരകോശത്തിന്റെ കർത്താവ് അമരസിംഹൻ ഗണപതിയുടെ വിവിധങ്ങളായ എട്ട് നാമങ്ങളെ കുറിക്കുന്നുണ്ട്.
വിനായകൻ, വിഘ്നരാജൻ, ദ്വൈമാതുരൻ , ഗണാധിപൻ, ഏകദന്തൻ, ഹേരംബ, ലംബോദരൻ , ഗജാനനൻ എന്നാണ്….

മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വർണ്ണിച്ചിരിയ്ക്കുന്നത്.
ഗണപതിക്കു ആനയുടെ തല കിട്ടിയത് എങ്ങനെയെന്ന് അറിയുമോ??
ഇതിനെ ചുറ്റിപ്പറ്റി പല ഐതിഹ്യങ്ങള്‍ പ്രചാരത്തിലുണ്ട്.
ഓര്‍മയില്‍ വരുന്ന ചിലത് കുറിക്കാം…
1) ഒരു ദിവസം ബാലനായ ഗണപതി വാശി പിടിച്ചു കരഞ്ഞപ്പോള്‍, കരച്ചില്‍ മാറ്റാനായി പാർവതി ശനി ഗ്രഹത്തെ കാണിച്ചു കൊടുത്തുവത്രേ…
ശനിയുടെ ദുർമാന്ത്രികശക്തി കൊണ്ട് ഗണപതിയുടെ തല കരിഞ്ഞുപോയെന്നും മഹാദേവന്‍ ഗണപതിക്ക് തല്‍സ്ഥാനത്ത് ഒരു ആനത്തല വച്ചുകൊടുത്തു എന്നുമാണ്.

2) മറ്റൊരു കഥയുണ്ട് –അത് ഇതിലും രസകരമാണ്…
ഇതനുസരിച്ച് പാർവ്വതി കളിമണ്ണുകൊണ്ട് ഉണ്ടാക്കി ജീവൻ കൊടുക്കാൻ വച്ചിരുന്ന മാനസപുത്രനാണ് ഗണപതി.

ഒരു ദിവസം, പാർവതിയ്ക്കു കൈലാസത്തിൽ സ്വകാര്യത നഷ്ടപ്പെടുന്നു എന്ന് പരാതി…ഇന്നത്തെ പുതുമണവാട്ടിമാരെപ്പോലെ ഉടനെ പരമശിവന്റെയടുത്തു പരാതി പറഞ്ഞെങ്കിലും ശിവൻ കൈ മലർത്തുകയാണുണ്ടായത്‌.
എന്നാൽ ആദി പരാശക്തിയായ ദേവി, ഒരു കളിമൺ പ്രതിമയുണ്ടാക്കി അതിനു ദിവ്യശക്തികൊണ്ടു ജീവൻ കൊടുത്തു.
അവൻ ദേവിയുടെ സ്വന്തം ശരീരത്തിന്റെ പകർപ്പു തന്നെയായിരുന്നു.
ഈ പുത്രൻ അവന്റെ അമ്മയുടെ കാവൽ ഭടനായി ആജ്ഞകൾ അക്ഷരം പ്രതി അനുസരിച്ചു പോന്നു.
ഒരിക്കൽ കുളിക്കുന്ന സ്ഥലത്തിനു കാവലായി ഗണപതിയെ നിർത്തി പാർവതി ദേവി നീരാട്ടിനു പോയി.
ഈ സമയത്തു ശിവൻ നന്ദിയെയും മറ്റു ഭൂതഗണങ്ങളെയും വിട്ടു പർവതിയെ വിളിപ്പിക്കാൻ ശ്രമിച്ചു .
പക്ഷെ ഗണപതി ആരെയും അകത്തേക്ക് കടക്കാന്‍ അനുവദിച്ചില്ല.ശിവൻ നേരിട്ടു വന്നെങ്കിലും ശിവനെയും ബാലനായ ഗണപതി കടത്തിവിട്ടില്ല.
ഇതിൽ ക്രുദ്ധനായ ശിവൻ ഗണപതിയുമായി ഘോരമായ യുദ്ധം ചെയ്യുകയും, അവസാനം തലവെട്ടിക്കളയുകയും ചെയ്തു.

കുളികഴിഞ്ഞു വന്നപ്പോളാണ് പാർവതി ഇതെല്ലാം കാണുന്നത്.
ആദിപരാശക്തിയായ ദേവിയുടെ പുത്രദുഃഖത്താലുള്ള കോപാഗ്നി ജ്വലിച്ചു തുടങ്ങിയിരുന്നു.
ബ്രഹ്മാവും വിഷ്ണുവും മറ്റു ദേവകളും ചേർന്ന് ശിവന്റെ അഭിപ്രായപ്രകാരം തെക്കോട്ട്‌ നടക്കുകയും ആദ്യം കാണുന്ന ജീവിയുടെ തല വെട്ടി തലയില്ലാത്ത ഗണപതിയിൽ ഉറപ്പിക്കുകയും ചെയ്തു എന്ന്‌ മറ്റോരു ഐതിഹ്യ കഥ.
(ആദ്യം കണ്ടത് ആനയെ ആയിരുന്നതിനാല്‍, ആനയുടെ തല വെട്ടി ഗണപതിക്ക് വച്ചു!)