ശ്രീ വല്ലഭ ക്ഷേത്രം ,തിരുവല്ല


എന്നും കഥകളി അരങ്ങേറുന്ന കേരളത്തിലെ ഒരേയൊരു മഹാക്ഷേത്രം

സുദര്ശന പ്രതിഷ്ടയുള്ളതും മലനാട് തിരുപ്പതികളിലും നൂറ്റിയെട്ട് ദിവ്യദേശങ്ങളിലും ഒരേപോലെ സ്ഥാനമലങ്കരിക്കുന്നതുമായ പ്രസിദ്ധമായ തിരുവല്ല ശ്രീ വല്ലഭക്ഷേത്രം കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില് സ്ഥിതിചെയുന്നു.

നാലായിരം വര്ഷത്തിനുമേല് പഴക്കമുള്ളക്ഷേത്രത്തില് രണ്ടു പ്രധാന പ്രതിഷ്ടയാണ് ഉള്ളത്. എട്ടു തൃക്കൈകളില് ദിവ്യായുധങ്ങളോട് പടിഞ്ഞാട്ടു ദര്ശനമായിരിക്കുന്ന സുദര്ശനമൂര്ത്തിയെ ഭഗവാന് ശ്രീഹരി സ്വയം പ്രതിഷ്ടിച്ചതാണെന്നും, കിഴക്കോട്ടു ദര്ശനമായിരിക്കുന്ന ശ്രീവല്ലഭന്റെ ചതുര്ബാഹുവിഗ്രഹം. ഗദയില്ല, കടിഹസ്തമായിട്ടാണ്. ദുര്വാസാവ് മഹര്ഷി പ്രതിഷ്ഠ നടത്തിയാതാണെന്നാണ് ഐതിഹ്യം.

രണ്ടുകൊടിമരം, കിഴക്കേ ആനകൊട്ടിലില് ഒറ്റതടിയില് കൊത്തിയ അനന്തശായിരൂപം, മനുഷരൂപത്തില് ചിറകുകള് വിടര്ത്തി അഞ്ജലിബദ്ധനായിരിക്കുന്ന ഗരുഡനെ പ്രതിഷ്ടിച്ച സ്തഭം. അങ്ങനെ വിശേഷങ്ങള് അനവധിയുള്ള ശ്രീവല്ലഭ ക്ഷേത്രത്തിന്റെ ഐതിഹ്യപെരുമയിലേക്ക്.

തിരുവല്ല ക്ഷേത്രം ഇന്നിരിക്കുന്ന പ്രദേശം പണ്ട് മല്ലികാവനം എന്നാണ് അറിയപ്പെട്ടിരുന്നത്. പുഴയും തോടും കാവും ഒക്കെയുള്ള ഈ പ്രദേശത്ത് അന്ന് ധാരാളം ബ്രാഹ്മണഇല്ലങ്ങളും ഉണ്ടായിരുന്നു. അതില് മുഖ്യമായ ഒരു ഇല്ലം ശങ്കരമംഗലമനയെന്നും കാലാന്തരത്തില് ചക്രോന്ത്മനയെന്നും അറിയപ്പെട്ട ഇല്ലത്തെ നാരായണ ഭട്ടതിരി, മന്നങ്കരച്ചിറയിലേ മംഗലത്ത് ഇല്ലത്തെ ശ്രീദേവി അന്തര്ജ്ജനത്തെ വേളികഴിച്ചു കൊണ്ടുവന്നു. അവര്ക്ക് തുണയായി ചിരുതേച്ചി എന്ന ദാസിയും അവരുടെ മകന് കുന്ദന് എന്ന് വിളിക്കുന്ന മുകുന്ദനും. വൈഷ്ണവഭക്തനായിരുന്ന നാരായണ ഭട്ടതിരി ഏകാദശിവൃതം അനുഷ്ഠാനം ചെയ്തിരുന്നു. സന്താനലാഭത്തിനായി പത്നിയോടും ഏകാദശിവൃതം അനുഷ്ഠാനം ചെയാന് ഭട്ടതിരി ഉപദേശിച്ചു. അതനുസരിച്ച് ചിരുതേച്ചിയും കുന്ദനും അവര്ക്ക്ട ഒപ്പംതന്നെ മുടങ്ങാതെ ഏകാദശിവൃതം അനുഷ്ഠാനം ചെയ്തിരുന്നു. സന്താനദു:ഖത്തോടെ തന്നെ നാരായണന് ഭട്ടതിരി ഇഹലോകവാസം വെടിഞ്ഞു. പതിവിയോഗശേഷവും അന്തര്ജ്ജനവും ദാസിയും മകനും ഏകാദശി വൃതം അനുഷ്ഠാനംചെയ്തു പോന്നു.

ഏകാദശി പിറ്റേന്ന് ദ്വാദശിനാളില് കഴിയുന്നിടത്തോളം ബ്രാഹ്മണരെ കാല് കഴുകിച്ചു ഭോജനം കൊടുത്തിട്ടേ ഇല്ലത്തുള്ളവര് പാരണകഴിക്കുമായിരുന്നുള്ളൂ.

മല്ലികാവനത്തിലെ ബ്രാഹ്മണരെയും വിഷ്ണുഭക്തരെയും കിഴക്കുനിന്നും തുകലന് എന്ന ശിവഭക്തനായ അസുരനും പടിഞ്ഞാട്ടു നിന്നും ഏറ്റം-കാവില് യക്ഷിയും ഉപദ്രവിച്ചിരുന്നു. ഇവരെകൊണ്ട് പൊറുതിമുട്ടിയ ബ്രാഹ്മണജനങ്ങള് ശങ്കരമംഗലത്തേക്ക് പാരണവിടാന് ആളുകളെ വിടാതെയായി. പരമവിഷ്ണു ഭക്തയായ ചക്രോത്ത് ഇല്ലത്തെ അമ്മയുടെ ദ്വാദശി പാരണവീടാന് ബ്രാഹ്മണകുമാരന്റെ വേഷത്തില് ഭഗവാന് എത്തി. കുളിചെത്തുമ്പോഴേക്കും ഭോജനം തയ്യാറായി വെക്കാന് പറഞ്ഞിട്ട് ബ്രഹ്മാണകുമാരന് പുഴയിലേക്ക് പോയി. പോയവഴിയില് തുകലനെ കാണുകയും സുദര്ശന ചക്രത്താല് തുകലനെവധിച്ചു ആ സ്ഥാനം ഗോവിന്ദന്കുളങ്ങര എന്ന് അറിയപ്പെടുന്നു. ഉപദ്രവകാരിയായ ആ അസുരനെ വക വരുത്തിയ ശേഷം അസുരന്റെ ആരാധനാ മൂർത്തിയായ ശിവലിംഗം കുന്നിന്റെ നെറുകയിൽ കൊണ്ടുപോയി വെച്ചു. അതാണ് ശ്രീവല്ലഭ ക്ഷേത്രത്തിനു കിഴക്കായി തുകലശ്ശേരിയിൽ കുന്നിന്റെ മുകളിലായി കാണപ്പെടുന്ന തുകലശ്ശേരി ശിവക്ഷേത്രം. മറ്റു ശിവലിംഗങ്ങളില് നിന്നും വ്യത്യസ്തമായി മുകള്ഭാഗം കുഴിഞ്ഞതാണിവിടുത്തെ ലിംഗം. അതില് 36 പറ പൂവ് കൊള്ളും എന്നാണു പറയപ്പെടുന്നത്. അതിനു കാരണം ശിവലിംഗം അവിടെ ഉറക്കാതെ ഇരുന്നതിനാല് പ്രസ്തുത ശിവലിംഗത്തിന്റെ ശിരസ്സിൽ ഭഗവാൻ കൈവെച്ചു അമർത്തി ഇരുത്തി ബിംബം ഉറപ്പിച്ചു എന്നതാണ്.

ശ്രീവല്ലഭയിലെ ദര്ശനം പൂര്ണ്ണ മാകണമെകില് തുകലശ്ശേരി ശിവക്ഷേത്രത്തിലും തൊഴണം. സുദര്ശന ചക്രത്തെ കഴുകിയ കടവ് ചക്രക്ഷാളനകടവ് എന്നും അറിയപ്പെട്ടു. തുടര്ന്ന് ബ്രാഹ്മണകുമാരനും കൂടെ അഞ്ചു ബ്രാഹ്മണരും ഇല്ലത്തെത്തി അമ്മ ഒരുക്കിയ ഭോജനം കഴിച്ചു. തുകലന് വധിക്കപ്പെട്ടുവെന്നും വധിച്ച ബ്രാഹ്മണകുമാരന് ചക്രോന്ത്മനയില് എത്തിയെന്നും അറിഞ്ഞ ജനങ്ങള് മനയില് വന്നുചേരുകയും എല്ലാവരുടെയും ആഗ്രഹപ്രകാരം സുദര്ശന ചക്രത്തെ പടിഞ്ഞാട്ടു ദരശനമായി എട്ടു തൃകൈകളില് ശംഖു, ചക്രം, ഗദ, പത്മം, പാശം, അങ്കുശം, വില്ല്, ഉലക്ക എന്നിവ ധരിപ്പിച്ച് വിഗ്രഹരൂപത്തില് പ്രതിഷ്ടിച്ചു. അങ്ങനെ മല്ലികാവനം ചക്രപുരമായി.
കാവുംഭാഗം പ്രധാന സങ്കേതമായുള്ള ഏറ്റം-കാവില് യക്ഷിയെ അവിടുത്തെ കിണറ്റില് ബന്ധിച്ച് അതിനു മുകളില് ദേവിയെ കുടിയിരുത്തുകയും ചെയ്തു ഭഗവാന്.

ആദ്യകാലത്ത് വൈഷ്ണവ വിരോധിയായ ഘണ്ടാകര്ണ്ണന് എന്ന അസുരന് ഭഗവാന് ശിവന്റെ ആഞ്ജപ്രകാരം ശ്രീഹരിയെ ആരാധിക്കുകയും ശ്രീഹരി ഘണ്ടാകര്ണ്ണനു ദര്ശനം കൊടുത്തതു ഇവിടെയാണെന്നും ഒരു ഐതിഹ്യമുണ്ട്.

നമ്മാഴ് വാര്ക്കും തിരുമങ്കയ്യെ ആഴ് വാര്ക്കും ദര്ശനം നല്കിയയ ഭഗവാനെ “കോലപ്പിരാനാ”യിയാണ് നാലായിരം പാസുരത്തില് പ്രകീര്ത്തിക്കുന്നത്.
കളിമണ്ണും ദര്ഭയും മണല്പ്പൊടിയും ചേര്ത്തുണ്ടാക്കിയ പ്രത്യേക കൂട്ടുകൊണ്ടാണ് ഇവിടുത്തെ വിഗ്രഹം ഉണ്ടാക്കിയിരിക്കുന്നത്രേ! ശ്രീവല്ലഭവിഗ്രഹം ചക്രപുരം എന്ന് നാമധേയമുള്ള തിരുവല്ലയില് എത്തിയ ഐതിഹ്യങ്ങള് കൂടെ അറിയാം.

സാക്ഷാല് മഹാലക്ഷ്മിയുടെ അവതാരമായ രുക്മിണിദേവി തന്നെ പാണിഗ്രഹണം ചെയ്യാന് വേണ്ടി ദ്വാരകയിലേക്ക് തേരില്കയറ്റി കൊണ്ടുപോകുമ്പോള് ശ്രീകൃഷ്ണന്റെ കോമളരൂപത്തെ

“നാനാമണിദീപ്തിയെഴുന്ന കീരിടം,
ഗോപികുറി തിളക്കമേലപ്പിക്കുന്ന നെറ്റിത്തടം
ദയാര്ദ്രങ്ങളായ താമരമിഴികള്
മന്ദസ്മിതം ചാലിച്ച ചുണ്ടുകള്
കൌസ്തുഭം തിളങ്ങുന്ന മാറില് വനമാലയും മുത്തുമാലകളും
മറപിടിക്കുന്ന ശ്രീവത്സം” ,ത്തോടുകൂടി ദര്ശിച്ചു.

മഹാലക്ഷ്മി എന്ന “ശ്രീ’യുടെ വല്ലഭന്റെ കമനീയരൂപത്തെ രുക്മിണിദേവി ദര്ശിച്ച രൂപത്തില് വിശ്വകര്മ്മാവ് വിഗ്രഹമാക്കി. ആ വിഗ്രഹത്തെ രുക്മിണിദേവി തന്റെ തേവാരമൂര്ത്തിയാക്കി. ശ്രീകൃഷ്ണന് ആ തേവാരമൂര്ത്തി യെ സാത്യകിക്ക് നല്കി കൊണ്ട് “എന്നെ പൂജിക്കുന്നതിന് തുല്യമാണ് ഈ ശ്രീവല്ലഭ വിഗ്രഹത്തെ പൂജിക്കുന്നത്” എന്ന് അരുളിച്ചെയ്തു. സാത്യകി ശ്രീവേദവ്യാസനെ കൊണ്ട് ദ്വാരകയില് ശ്രീവല്ലഭ പ്രതിഷ്ട നടത്തി ആരാധിച്ചുപോന്നു. (രുക്മിണിദേവി കണ്ട അതേരൂപത്തില് ചക്രോത്തമ്മക്ക് ദര്ശനം ലഭിച്ചു എന്നും അതുകൊണ്ട് ഭഗവാന് നാമധേയം തിരുവാഴ് മാര്ബന്- ലക്ഷ്മിദേവി വസിക്കുന്ന മാറിടം എന്നര്ത്ഥം)

കാലാന്തരത്തില് ദ്വാരകകടലില് പോയപ്പോള് സാത്യകി ആ വിഗ്രഹത്തെ ഗരുഡനു നല്കി. ഗരുഡന് ശ്രീവല്ലഭവിഗ്രഹത്തെ അനേകകാലം രമണകദ്വീപില് വെച്ചു പൂജിച്ച ശേഷം നേത്രാവതിനദിയിലെ ഭദ്രകയത്തില് നിഷേപിച്ചു. കാലമേറെകഴിഞ്ഞപ്പോള് ചേരമാന് പെരുമാളിന്റെ പത്നിക്ക് സ്വപ്ന ദര്ശനമുണ്ടായി ഏറ്റവും പുണ്യമായ ചക്രപുരത്ത് ശ്രീവല്ലഭ വിഗ്രഹത്തെ പ്രതിഷ്ട ചെയാന്. തുടര്ന്നു ആ വിഗ്രഹത്തെ അന്വേഷിക്കുകയും ഗരുഡഭഗവാന് തന്നെ തുളുബ്രാഹ്മണനായി വിഗ്രഹം കണ്ടെത്തുകൊടുക്കകയും ചെയ്തു.

ചക്രപുരിയില് വിഗ്രഹത്തെ പ്രതിഷ്ഠ കഴിക്കാന് നേരത്ത് പീഠംത്തിന്റെ നാളത്തില് ബിംബമുറക്കാതെ വന്നു, പ്രധാന തന്ത്രിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്ന്ന് അദ്ധേഹം ശ്രീകോവില് അടച്ച് പുറത്ത് പോയി. പെട്ടന്ന് തന്നെ ശ്രീകോവിലിന് ഉള്ളില് ശംഖിന്റെയും മറ്റ് വാദ്യമേളങ്ങളുടെയും മംഗളധ്വനികേട്ട് ശ്രീകോവില് തുറന്നതന്ത്രി ശ്രീവല്ലഭവിഗ്രഹം പീഠംത്തില് ഉറച്ച് സൂര്യശോഭ ചൊരിയുന്നതാണ് കണ്ടത്. ഒപ്പംതന്നെ തേജസിയായ ഒരു ബ്രാഹ്മണശ്രേഷ്ഠന് ശ്രീകോവിലിനു വെളിയി ലേക്ക് വന്ന് അപ്രത്യക്ഷമായി. ദുര്വാസാവ് മഹര്ഷി ആയിരുന്നു ആ ബ്രാഹ്മണശ്രേഷ്ഠന് എന്നാണ് ഐതിഹ്യം.

മറ്റൊരു ഐതിഹ്യംകൂടെയുണ്ട് .. സരയു നദികരയില് നിന്നും പരശുരാമപ്രേരിതമായി ഇവിടെയെത്തിയ ബ്രാഹ്മണരില് ഒരാള് പരദേവതാ ദര്ശനത്തിനായി സ്വദേശത്തെക്ക് പോയപ്പോള് ഭക്തോത്തമനായ അദ്ധേഹത്തിനു സരയു നദിയില് നി ന്നും ലഭിച്ചതാണ് ശ്രീവല്ലഭ വിഗ്രഹമെന്നും ആ വിഗ്രഹവുമായി കെട്ടുവള്ളത്തില് കേരളത്തിലേക്ക്മടങ്ങി, രാത്രി വൈകി തിരുവല്ലക്ക് സമീപം മുട്ടാര് എത്തിയപ്പോള് കെട്ടുവള്ളം മുന്നോട്ടുനീങ്ങുവാന് ആവാതെ ഉറച്ചുനിന്നു. വള്ളം കരക്ക് അടുപ്പിച്ച് വിഗ്രഹവുമായി വെളിച്ചംകണ്ട വീട്ടിലേക്ക് ചെന്നു. ആ വിട്ടില് ഒരു പ്രസവം നടന്നിരുന്നതിനാല് വിഗ്രഹം വീട്ടിനുള്ളില് വെക്കാതെ പുറത്തെ കാലിത്തൊഴുത്തില് കറുകപുല്ല് നിരത്തി അതിനുമുകളില് വിഗ്രഹത്തിനു പള്ളിക്കുറിപ്പ് നടത്തി. ചിങ്ങമാസത്തിലെഉത്രാടംനാളില് ആയിരുന്നു ഇത്.
പിറ്റേന്നു തിരുവോണം. ഇപ്പോഴും ഭഗവാന് ചിങ്ങത്തിലെ ഉത്രാടം നാളില് കറുകപുറത്താണ് പള്ളിക്കുറിപ്പ്( പള്ളിയറശയനം)
തിരുവോണംനാളില് ദര്ശനം നല്കുന്ന ഭഗവാന് പന്തിരടിപൂജക്ക് തമിഴ് ബ്രാഹ്മണര് കൊണ്ടുവരുന്ന പതിനെട്ടുമുഴം ചേലചുറ്റിയും മുട്ടാറിലെ നായര് വീട്ടുകാര് എത്തിക്കുന്ന കറുകമാലചാര്ത്തിയും ദര്ശനം നല്കുന്നു. അന്ന്ശ്രീലകത്തേക്ക് ആവശ്യമായ നെയ്യും അവരാണ് നല്കുക.

പരശുരാമ സംഹിതപ്രക്രാരമാണ് കേരളത്തിലേ പൂജാവിധികള്, എന്നാല് ശ്രീവല്ലഭ ക്ഷേത്രപൂജാവിധികള് ദുര്വാസാവ് മഹര്ഷി ചിട്ടപ്പെടുത്തിയ രിതിയിലാണ്. ക്ഷേത്രത്തിലെ മേല് ശാന്തിമാര് ഗൃഹസ്ഥാശ്രമികള് ആയിരിക്കണമെന്നും പൂജാവേളയില് ഭസ്മം ധരിക്കാന് പാടില്ലന്നും ചന്ദനം ഗോപികുറിയായി അണിയണം എന്നും പൂര്ണ്ണ വൈഷ്ണവോപാസകരയിരിക്കണംമെന്നും നിഷ്ടയുണ്ട്. അഞ്ചു പൂജകളൂള്ള ക്ഷേത്രത്തില് അഞ്ചു ഭാവത്തില് നിലകൊള്ളുന്ന ഭഗവാന് അത്താഴപൂജക്ക് ശേഷം പ്രണവാകാരനാകുന്നു. നിത്യവും പള്ളിക്കുറിപ്പുള്ള ഭഗവാന്റെ ഓരോ പ്രഭാതവും പുനര്ജ്ജ്നിയാണ്.

ഉപദേവതകള്:-

ശ്രീവല്ലഭ വിഗ്രഹം കണ്ടെടുത്ത തുളുബ്രാഹ്മണന്റെ വേഷകെട്ടിയ ഗരുഡന് ഭഗവാന്റെ കൂടെ ഇവിടെ എത്തിയെന്നും ക്ഷേത്രത്തില് പ്രത്യേക സ്ഥാനം നല്കി് പ്രതിഷ്ടിച്ചു അതാണ് ഗരുഡമാടതറ. ഗണപതി, ശാസ്താവ്, കുരയപ്പസ്വാമി. ( ക്ഷേത്രത്തില് വേദവ്യാസനും ദുര്വാസാവ് മഹര്ഷിക്കും സ്ഥാനം നല്കിയിരിക്കുന്നു. )

നാലമ്പലത്തിനു ഉള്ളില് വടക്കുംതേവര് (വിഷ്ണു,ശിവന്, പാര്വതി,സുബ്രഹ്മണ്യന്,നൃത്തഗണപതി) വൃക്ഷസേനന്.

തന്ത്രം:- മേമന, തറയില്കുഴിക്കാട്. തെക്കേടത്ത്കുഴിക്കാട്

ഉത്സവം:-കുംഭമാസത്തിലെ ഉതൃട്ടാതിക്ക്കൊടിയേറി പൂയത്തിനു ആറാട്ടുവരത്തക്കവിധം പത്ത്ദിവസത്തെ ഉത്സവം.

ഉത്രശീവേലി:- വര്ഷത്തില് ഒരിക്കല് മാത്രം തുറക്കുന്ന ക്ഷേത്രത്തിലെ വടക്കേഗോപുരത്തില് കൂടി ഭഗവാന്റെ സഹോദരി സ്ഥാനീയരായ തിരുവല്ലയ്ക്ക് അടുത്തുള്ള ആലംതുരുത്തി, പടപ്പാട്ട്, കരുനാട്ടുകാവ് എന്നീ ഭഗവതിക്ഷേത്രങ്ങളില് ദേവിമാര് എത്തി ഒരു കുടിയെഴുന്നെള്ളിപ്പും നടക്കും

അത് ഉത്രം നക്ഷത്രത്തിലാണ് വരാറുള്ളതു അതുകൊണ്ടാണ് ഉത്രശിവേലി എന്നുപറയുന്നത്.

ഒരിക്കല് വില്വമംഗലം സ്വാമിയാര് ദര്ശനത്തിനായി എത്തിയപ്പോള് കിഴക്കേഗോപുരത്തില് കഥകളികണ്ടിരിക്കുന്ന ഭഗവാനെ കണ്ടു. അതില് പിന്നെ കഥകളില് പ്രിയനായ ശ്രീവല്ലഭനു കാണാന്
നിത്യവും കഥകളി നടക്കുന്ന ക്ഷേത്രവുമായി.

പയറ്റിപഴം. പാളനമസ്ക്കാരം, കേശാദിപാദംമാല പ്രധാന വഴിപ്പാട് ആണ്.
പാളനമസ്ക്കാരം- ചംക്രോത്ത് അമ്മയുടെ ദ്വാദശിപാരണയുടെ സങ്കല്പത്തെ മുന് നിര്ത്തിയുള്ള ഈ ചടങ്ങു മറ്റൊരു ക്ഷേത്രത്തിലും ഇല്ല.