മൃദംഗശൈലേശ്വരി ക്ഷേത്രം


കണ്ണൂര്‍ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിനെക്കുറിച്ച് എത്ര പറഞ്ഞാലും വിശ്വാസികള്‍ക്ക് മതിയാവില്ല. മനസ്സുരുകി പ്രാര്‍ത്ഥിച്ചാല്‍ എത്ര അസാധ്യമെന്നു തോന്നുന്ന കാര്യങ്ങളും ദേവി നടപ്പാക്കിത്തരുമെന്നാണ് വിശ്വാസം. വാമൊഴിയായി കൈമാറിവന്ന ഐതിഹ്യങ്ങളും കഥകളുമല്ല,നമ്മുടെ ഇടയില്‍ തന്നെ നടന്ന സംഭവങ്ങളാണ് വിശ്വാസികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കേരള ചരിത്രത്തിലെ തന്നെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ മൃദംഗശൈലേശ്വരി ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

മൃദംഗരൂപത്തില്‍ ഭൂമിയിലെത്തിയ ദേവി, നെയ് വിളക്കേന്തി പ്രാര്‍ത്ഥിച്ചാല്‍ എന്തും സാധിക്കും!!

പറഞ്ഞു പഴകിയ ഐതിഹ്യങ്ങള്‍ക്കും പുരാണങ്ങള്‍ക്കുമപ്പുറം ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്നത്ത് സ്ഥിതി ചെയ്യുന്ന മൃദംഗശൈലേശ്വരി ക്ഷേത്രം. ഭഗവതി ക്ഷേത്രമായി മാത്രമല്ല, പഴശ്ശിരാജയുടെ പരദേവതാക്ഷേത്രമെന്നും കഥകളിയുടെ വന്ദന ശ്ലോകം എഴുതപ്പെട്ട ക്ഷേത്രമെന്നും കലാകാരന്മാരുടെ പ്രിയപ്പെട്ട ഇടമായുമെല്ലാം മൃഗദംശൈലേശ്വരി ക്ഷേത്രം അറിയപ്പെടുന്നു.

മിഴാവ് മുഴങ്ങുന്ന നാട് 

സാധാരണയായി കേട്ടുപതിവില്ലാത്ത പേരുതന്നെയാണ് അതിശയിപ്പിക്കുന്ന കാര്യങ്ങളിലൊന്ന്. ക്ഷേത്രത്തിന്ററ ഉല്‍പത്തിയുമായി ബന്ധപ്പെട്ടതാണ് പേരും. പണ്ട് എപ്പോഴോ സ്വര്‍ഗ്ഗത്തില്‍ നിന്നും സംഗീതരൂപിണിയായ ദുർഗ്ഗാഭഗവതി ഈ പ്രദേശത്ത് ഒരു മിഴാവിന്റെ രപത്തില്‍ താഴേക്ക് പതിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. അന്ന് ആ മിഴാവ് അഥവാ മൃദംഗം വന്നു വീണ ഇടമാണ് മൃദംഗശൈലനിലയം ആയതും അത് പിന്നീട് മിഴാവ്കുന്ന് ആയതും. വീണ്ടും മിഴാക്കുന്നും മൊഴക്കുന്നും ആയി അവസാനം മുഴക്കുന്നില്‍ എത്തി നില്‍ക്കുകയാണ്. ക്ഷേത്രത്തിനുള്ളില്‍ മിഴാവ് വന്നുവീണു എന്നു വിശ്വസിക്കപ്പെടുന്ന ഭാഗം കാണം. ഇവിടെ അല്പം കുഴിഞ്ഞാണ് ഭൂമിയുള്ളത്. ശ്രീകോവിലിന്‍റെ തെക്ക് കിഴക്ക് ഭാഗത്ത് വാതില്‍മാടത്തില്‍ ഇത് കാണാം. അതുകൊണ്ടുതന്നെ സരസ്വതി ദേവിയായും ഇവിടുത്തെ ഭഗവതിയെ കാണുന്നു.

പരശുരാമന്റെ ദുര്‍ഗ്ഗാ ക്ഷേത്രം 

വിശ്വാസങ്ങളനുസരിച്ച് പരശുരാമന്‍ സ്ഥാപിച്ച 108 ദുര്‍ഗ്ഗാ ക്ഷേത്രങ്ങളിലൊന്നായാണ് മൃദംഗശൈലേശ്വരി ക്ഷേത്രം അറിയപ്പെടുന്നത്. മുഴക്കുന്ന് മൃദംഗശൈലേശ്വരീ ദുർഗ്ഗാക്ഷേത്രം എന്നാണിതിന്റെ പേര്. പ്രധാന പ്രതിഷ്ഠ ദുര്‍ഗ്ഗാ ദേവിയാണെങ്കിലും സരസ്വതി, ലക്ഷ്മി, കാളി (പോർക്കലി) എന്നീ സങ്കല്പങ്ങളിലും ഈ ദേവി പൂജിയ്ക്കപ്പെടുന്നു.മൃദംഗ ശൈലൈശ്വരി ക്ഷേത്രം മൂകാംബിക ക്ഷേത്രത്തിന് തുല്യമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

കഥകളിയും മൃഗംദശൈലേശ്വരി ക്ഷേത്രവും 

കേരളത്തിന്റെ സ്വന്തം കലാരൂപങ്ങളിലൊന്നായ കഥകളിയു‌ടെ ഉത്ഭവവവുമായും ക്ഷേത്രത്തിന് ബന്ധമുണ്ട്. കഥകളിയുടെ ആദ്യരൂപമായ രാമനാ‌ട്ടം കൊ‌ട്ടാരക്കര തമ്പുരാന്റെ സംഭാവനയായിരുന്നു. അത് പരിഷ്കരിച്ചത് കോട്ടയം തമ്പുരാനാണ്. ഒരിക്കല്‍ ആ‌ട്ടക്കഥയെഴുതുമ്പോള്‍ അതില്‍ സ്ത്രീരൂപം സങ്കല്പ്പിക്കുവാന്‍ തമ്പുരാന്‍ ബുദ്ധിമുട്ടി. ആ കഥ ഐതിഹ്യ മാലയില്‍ ഇങ്ങനെയാണ് കൊടുത്തിരിക്കുന്നത്. ‘അദ്ദേഹം പരാശക്തിയോട് പ്രാർഥിച്ച ആ സമയത്ത് ഭക്തവത്സലയായ ദുർഗ്ഗാഭഗവതി ക്ഷേത്രക്കുളത്തിൽ നിന്ന് ഒരു സ്ത്രീരൂപത്തിൽ പൊന്തിവന്നു. അന്ന് ജഗദീശ്വരി കാണിച്ചു കൊടുത്ത ആ രൂപത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് തമ്പുരാൻ സ്ത്രീവേഷത്തിന്റെ രൂപം സൃഷ്ടിച്ചത്. ഇന്നും കഥകളിയിൽ ആ രൂപത്തിലാണ് സ്ത്രീവേഷം പ്രത്യക്ഷപ്പെടുന്നത്. അന്ന് മഹാദേവി പ്രത്യക്ഷപ്പെട്ട ആ കുളത്തിനും ഈ ക്ഷേത്രത്തിൽ വലിയ പ്രാധാന്യം ഉണ്ട്.

രണ്ടായിരത്തിലധംക വര്‍ഷം പഴക്കം 

ചരിത്ര രേഖകളുടെ പിന്‍ബലമില്ലെങ്കിലും ക്ഷേത്രത്തിന് രണ്ടായിരത്തിലധികം വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. കോട്ടയം രാജാക്കന്മാരുടെ പരദേവതാ സ്ഥാനമായാണ് ക്ഷേത്രത്തിനെ കരുതിപ്പോന്നിരുന്നത്. പഴശ്ശിരാജാ യുദ്ധത്തിനു പുറപ്പെടും മുന്‍പ് ഇവിടെയെത്തി ശ്രീ പോർക്കലിക്ക് ഗുരുതിപൂജ നടത്തിയിരുന്നതായും വിശ്വാസങ്ങളുണ്ട്.

പോര്‍ക്കലി ഗുഹാ ക്ഷേത്രം 

ഇന്നത്തെ ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായിരുന്നു പോര്‍ക്കലി ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. യഥാര്‍ഥത്തിലെ ആ ഗുഹാ ക്ഷേത്രം ഇന്നില്ല. ടിപ്പു സുല്‍ത്താന്റെയും തുടര്‍ന്ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും അക്രമണങ്ങളില്‍ കോട്ടയം രാജവംശം പരാജയപ്പെട്ടപ്പോല്‍ ക്ഷേത്രങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. പലതവണ ആരാലും തിരിഞ്ഞു നോക്കാനില്ലാതായ ക്ഷേത്രത്തിലെ പൂജകള്‍ക്കു പോലും പലലതവണ മുടക്കം വന്നു. 1907-ൽ മദ്രാസ് സർക്കാർ ഏറ്റെടുത്ത ഈ ക്ഷേത്രം പിന്നീട് എച്ച്.ആർ.&സി.ഇ.യുടെ നിയന്ത്രണത്തിലായി. 2008-ൽ മലബാർ ദേവസ്വം ബോർഡ് രൂപവത്കരിച്ചപ്പോൾ ക്ഷേത്രം അതിന്റെ നിയന്ത്രണത്തിലായി. പിന്നീട് നാളുകള്‍ കഴിഞ്ഞാണ് ക്ഷേത്രം അതിന്റെ യഥാര്‍ത്ഥ പ്രൗഢി വീണ്ടെടുത്തത്

എത്തിച്ചേരുവാന്‍ 

കണ്ണൂര്‍ ജില്ലയില്‍ മുഴക്കുന്നം എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തലശ്ശേരി – കൂത്തുപറമ്പ് – ഉരുവച്ചാൽ – ശിവപുരം – തില്ലങ്കേരി വഴി മുഴക്കുന്നത്ത് എത്തിച്ചേരാം. കണ്ണൂര്‍ -മട്ടന്നൂര്‍ – ഇരിട്ടി -കാക്കയങ്ങാട്- മുഴക്കുന്ന് ക്ഷേത്രം, തലശ്ശേരി – മട്ടന്നൂര്‍ -ഇരിട്ടി – കാക്കയങ്ങാട് -മുഴക്കുന്ന് ക്ഷേത്രം കണ്ണൂര്‍ – മട്ടന്നൂര്‍- ഉളിയില്‍- തില്ലങ്കേരി – മുഴക്കുന്ന് എന്നീ വഴികള്‍ വഴിയും ക്ഷേത്രത്തിലെത്താം.

Courtesy : https://malayalam.nativeplanet.com/travel-guide/interesting-and-unknown-facts-about-mridanga-saileswari-temple-in-kannur/articlecontent-pf47690-004881.html