നാളികേരം ഉടയ്ക്കല്‍


Nalikeramഎല്ലാ കർമ്മങ്ങൾക്കും മുമ്പ് നാളീകേരം ഉടക്കുകയോ, പൂജിക്കുകയോ ചെയ്യാറുണ്ട്…..

എന്നാൽ അതിലെ തത്വം ഗ്രഹിക്കാതെ സകലിടത്തും നാളീകേരം ഉടക്കുക ഒരു പുതിയ ചടങ്ങായി ഇന്ന് മാറിക്കൊണ്ടിരിക്കുകയാണ്‌ …

ഇപ്പോൾ എല്ലാം വെറും ചടങ്ങുകളായി മാത്രം കാണുന്നതു കൊണ്ടും, കൂടുതലറിയാൻ മിനക്കെടാൻ വയ്യാത്തതു കൊണ്ടുമായിരിക്കാം….

നാളീകേരം നമ്മളുടെ മനസ്സാണെന്നാണ് സങ്കല്പം.

കട്ടിയുള്ള പുറം തോടിനാൽ പൊതിഞ്ഞ- മധുരം നിറഞ്ഞ അകക്കാമ്പും, മധുരമുള്ള വെള്ളവും മനസ്സിനെ പ്രതിനിധാനം ചെയ്യുന്നു.

വെറും തൊണ്ടിൽപ്പൊതിഞ്ഞ ആ പാറക്കു തുല്യമായ പുറന്തോടു പൊട്ടിക്കാൻ അത്ര എളുപ്പമല്ല.

എന്നാൽ അതിനകത്തു കടന്നാലോ ??

മൃദുലവും മാധുര്യവും.

അതെ, നമ്മുടെ മനസ്സിലേക്ക് കയറുവാൻ പെട്ടെന്നൊരാൾക്കും പറ്റില്ല. അതിലേക്ക് കയറുവാൻ, ആ സ്നേഹം നുകരുവാൻ മൂന്നു ദൗർബല്യങ്ങളുടെ കണ്ണുകളുണ്ട്.

വിത്ത പുത്ര കളത്ര(ത്രയ)ങ്ങളുടെ ദൗർബല്ല്യങ്ങൾ.

ധനത്തിനോടും മക്കളോടും ഇണയോടുമുള്ള ദൗർബല്യങ്ങളായി നാളീകേരത്തിന്റെ മൂന്നു കണ്ണുകൾ പ്രതിനിധാനം ചെയ്യുന്നു.

ഈ മൂന്നു ദൗർബല്യങ്ങളാണ് സകലരെയും പല കർമ്മത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതും; മറ്റു പല കർമ്മങ്ങൾ ചെയ്യിക്കുന്നതും; ലൗകിക പ്രവർത്തികളിലേക്കു നയിക്കുന്നതും; അതു മൂലമുണ്ടാകുന്ന കർമ്മ ബന്ധനങ്ങളിൽ കുരുങ്ങി എകാഗ്രത നഷ്ടപ്പെടുത്തുന്നതും….

എന്നാൽ, മോക്ഷപ്രാപ്തിക്കായുള്ള കർമ്മങ്ങളിലേക്കു കടക്കുമ്പോൾ സകല ബന്ധനങ്ങളും മാറ്റിവെച്ച്, തികച്ചും ഏകാഗ്രതയോടെയും സമർപ്പണത്തോടെയും വേണം .

അതിനായി സ്വന്തം മനസ്സിനെ അതിന്റെ സകല ദൗർബല്യത്തോടും കൂടി അടർത്തിയെടുത്ത്, നെഞ്ചിനോടു ചേർത്ത്, ഈശ്വരാനുഗ്രഹത്തിനായി പ്രാർത്ഥിച്ച് മൂന്നു വട്ടം തലക്കുഴിഞ്ഞ് അടിച്ചുടക്കുകയാണ്.

Ganapathyപിന്നീട് മോക്ഷപ്രപ്തിക്കായുള്ള കർമ്മം തുടങ്ങുന്നതിനായുള്ള കഠിന വ്രതത്തിലേക്കു കടക്കുകയാണ്.

എന്നാൽ ഗൃഹപ്രവേശം പോലുള്ള ചടങ്ങുകൾക്ക് നാളീകേരം പൂർണ്ണ കുംഭത്തിൽ വെച്ച് പൂജിക്കുന്നതു –തന്റെ ഗൃഹത്തിൽ ധനത്തോടും മക്കളോടും ഇണയോടും കൂടി സസുഖം വാഴാനാണ്.

വിഘ്നേശ്വരനായ ബുദ്ധിയുടെ ദേവ ചൈതന്യത്തിനുമുമ്പിൽ -ഗണപതിക്കു മുമ്പിൽ- നാളീകേരം ഉടക്കേണ്ടതും സമർപ്പിക്കേണ്ടതും എപ്പോഴെക്കെയാണെന്നു മനസ്സിലാക്കി തുടരുക…..

ഹരി ഓം.

 

courtesy :  Adv. Manjula RamMohan