വിളക്കുതിരിയില (അഗ്നിയില )


vilakkuthiriyilaനിലവിളക്കില്‍ കത്തുന്ന ഈ തിരി സാധാരണതിരിയല്ല. ഇത് അഗ്‌നിയില… ഒരു കാലത്ത് ഹൈന്ദവഗൃഹങ്ങളിലും മറ്റും നിലവിളക്കുകള്‍ പ്രകാശം ചൊരിഞ്ഞത് ഈ ‘വിളക്കുതിരിയില’ വഴിയാണ്. കാലക്രമേണ അന്യം നിന്നുപോയ ഈ അപൂര്‍വ സസ്യം വടകരയില്‍ നടക്കുന്ന ഹരിതാമൃതം പ്രദര്‍ശനത്തില്‍ പ്രകാശം പകരുകയാണ്.

ഇല ചൊരിയുന്ന പ്രകാശം കാഴ്ചക്കാരിലും വിസ്മയം തീര്‍ക്കുന്നു. വൈദ്യന്‍ മടിക്കൈ ഹംസയുടെ ശേഖരത്തിലുള്ളതാണ് വിളക്കുതിരിയില. കേരളത്തില്‍ ഇന്ന് ഈ സസ്യം തന്റെ കൈവശം മാത്രമേയുള്ളൂവെന്ന് ഹംസ മടിക്കൈ അവകാശപ്പെടുന്നു.

ഒട്ടേറെ ഔഷധഗുണങ്ങളുള്ള വിളക്കുതിരിയിലയാണ് ഹംസയുടെ ഈ ഔഷധ സസ്യപഠന ഗാലറിയിലെ ‘താരം.’ ഹംസയുടെ പിതാവ് സൂഫി വര്യന്‍ ഉമ്മര്‍ ഉപ്പൂപ്പാക്ക് ലഭിച്ചതാണ് ഈ സസ്യം. 20 വര്‍ഷം മുമ്പാണത്. 3800-ഓളം ഔഷധസസ്യങ്ങളെപ്പറ്റി അറിവുള്ള വ്യക്തിയാണ് ഉമ്മര്‍. വര്‍ഷങ്ങളായി ഹംസയുടെ വീട്ടില്‍ തന്നെയായിരുന്നു ഈ ചെടി. ആദ്യമായാണ് ഒരു പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ഇലചുരുട്ടി തിരിപോലെയാക്കിയാണ് നിലവിളക്കിലിട്ട് കത്തിക്കുക. എണ്ണയും ഒഴിക്കണം. ഒരില എത്രസമയം വേണമെങ്കിലും കത്തും. ഇത് കത്തുമ്പോഴുണ്ടാകുന്ന പുക ഏറെ ഔഷധഗുണമുള്ളതാണെന്ന് ഹംസ പറഞ്ഞു. മാനസിക രോഗചികിത്സയ്ക്കാണ് കൂടുതലും ഉപയോഗിക്കുന്നത്. സോറിയാസിസ്, അള്‍സര്‍ എന്നിവയ്ക്കും ഫലപ്രദമാണ്.

1026 ഔഷധസസ്യങ്ങളെക്കുറിച്ച് ഹംസയ്ക്ക് അറിവുണ്ട്. ഇവയുടെ വലിയ ശേഖരവും കൈവശമുണ്ട്. ഇതില്‍ 240 ഇനങ്ങളാണ് വടകര ടൗണ്‍ഹാളില്‍ നടക്കുന്ന ഹരിതാമൃതം പ്രദര്‍ശനത്തിലുള്ളത്. ഏറെയും അപൂര്‍വ ഇനങ്ങളാണ്.

ശരീരത്തില്‍ ചുളിവുകള്‍ വീഴ്ത്താത്ത സ്വര്‍ണപ്പുല്ല്, പാമ്പിനെ അകറ്റുന്ന കീരിക്കിഴങ്ങ്, യാഗങ്ങളില്‍ ഉപയോഗിക്കുന്ന സോമലത. ജലസ്തംഭിനി, വെള്ളറുക്, അല്‍പ്പം, മധുരപ്പച്ച, മധുരംകൊല്ലി, പശിയടക്കി, പുത്രന്‍ജീവ, ചന്ദനവേപ്പ്, വിശല്യകരണി, വാതംപറത്തി, വള്ളിപ്പാല, കയപ്പനരച്ചി, കുടജാദ്രി, ഗരുഡന്‍കൊല്ലി തുടങ്ങിയവ ഇതില്‍ ചിലതു മാത്രം.

 

കടപ്പാട്-
http://www.mathrubhumi.com/…/1445789-local_news-Kozhikode-%…

കൂടുതല്‍ അറിയാനായി കാണുക

https://www.youtube.com/watch?v=tf8xHp1P5Y0